വന്ദേഭാരത് ട്രെയിനിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടാറില്ലെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ ട്രെയിനുകള്‍ പിടിച്ചിടുന്നെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് വിശദീകരണം.

ഒക്ടോബറില്‍ മഴയെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചതിനെത്തുടര്‍ന്നുണ്ടായ താളം തെറ്റലൊഴിച്ചാല്‍ മറ്റ് ട്രെയിനുകളുടെ ഗതാഗതത്തെ ബാധിച്ചിട്ടില്ല. വന്ദേഭാരത് വന്നതോടെ ചെറിയ സമയവ്യത്യാസം ചില ട്രെയിനുകള്‍ പുറപ്പെടുന്നതില്‍ വരുത്തി. എന്നാല്‍, പഴയ സമയം നിലനിര്‍ത്താന്‍ വേഗത കൂട്ടുകയും ചെയ്തുവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 20633/20634) വന്നതോടെ തിരുവനന്തപുരം സെന്‍ട്രല്‍-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് വേഗം കൂട്ടുകയും പുറപ്പെടുന്ന സമയം 5.15ല്‍നിന്ന് 5.25 ആക്കുകയും ചെയ്തു. പക്ഷേ, എറണാകുളം, ഷൊര്‍ണൂര്‍ സ്റ്റേഷനുകളിലെത്തുന്ന സമയം പഴയതുപോലെ നിലനിര്‍ത്തി. അതുതന്നെയാണ് വന്ദേഭാരത് 20631/20632 നമ്പര്‍ ട്രെയിനിന്റെ എറണാകുളം -അമ്പലപ്പുഴ സിംഗ്ള്‍ ലൈന്‍ റൂട്ടിലും സംഭവിച്ചത്. ആ സമയം ഓടിയിരുന്ന രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ വേഗത വര്‍ധിപ്പിച്ച് സര്‍വിസ് നടത്തി.

ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ വൈകീട്ട് ആറിന് പുറപ്പെട്ട് 7.35ന് എത്തുംവിധം സജ്ജീകരിച്ചു. എറണാകുളം ജങ്ഷനില്‍നിന്ന് പുറ?പ്പെടേണ്ട എറണാകുളം-ആലപ്പുഴ ടെയിനിന്റെ പുറപ്പെടല്‍ സമയം 6.25 ആക്കി. 20 മിനിറ്റ് വേഗം കൂട്ടുകയും ചെയ്തു. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിനെയും വന്ദേ ഭാരതിന്റെ വരവ് ബാധിച്ചിട്ടില്ല. വന്ദേ ഭാരത് വന്നപ്പോഴുള്ള ട്രെയിനുകളുടെ സമയമാറ്റം റെയില്‍വേ ടൈംടേബ്ള്‍ വഴി പ്രസിദ്ധീകരിച്ചിരുന്നെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.