കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിന്‍ കൂടി വരുന്നു. തമിഴ്നാട്, കര്‍ണാടക, കേരളം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ടായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുമായിരിക്കും സര്‍വീസ്.
തമിഴ്നാട്, കര്‍ണാടക, കേരളം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എട്ട് സര്‍വീസുകളാണ് നടത്തുക. ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെയായിരിക്കും സര്‍വീസ്. നിലവില്‍ ദക്ഷിണ റെയില്‍വേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകള്‍ ഉപയോഗിച്ചായിരിക്കും സര്‍വീസ്.
മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ വന്ദേഭാരത് വ്യാഴാഴ്ചകളിലാണ് സര്‍വീസ് നടത്തുന്നത്. ചെന്നൈ സെന്ററില്‍നിന്ന് പുറപ്പെട്ട് രാവിലെ നാലുമണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് അവിടുന്ന് പുറപ്പെട്ട് എറണാകുളത്ത് ഉച്ചയ്ക്ക് ഒന്നരയോടെ എത്തും. തിരിച്ചും ഈ വിധത്തില്‍ സര്‍വീസ് നടത്തും.
നിലവില്‍ കേരളത്തില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. അതേസമയം ഒക്ടോബര്‍ 23 മുതല്‍ തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര്‍കോട് വരെ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ട്രെയിനിന്റെ സമയക്രമത്തിലും മാറ്റം വരുത്തി.
6.03ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് 2 മിനിറ്റോളം ഇവിടെ നിര്‍ത്തിയിടും. ശേഷം 6.05ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 6.53ന് ചെങ്ങന്നൂരില്‍ എത്തും. ചെങ്ങന്നൂരില്‍ രണ്ട് മിനിറ്റ് നിര്‍ത്തിയ ശേഷം 6.55ന് ഇവിടെ നിന്ന് യാത്ര പുനരാരംഭിക്കും.