തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറിന് യാത്രപ്പടി നല്‍കാന്‍ 10 ലക്ഷം രൂപ അധികമായി അനുവദിച്ചു. ഈ മാസം 21നാണ് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ടായി 10 ലക്ഷം രൂപ അനുവദിച്ചത്. 23 ലക്ഷം രൂപയായിരുന്നു സ്പീക്കര്‍ക്ക് യാത്രപ്പടി നല്‍കാന്‍ ബജറ്റില്‍ വകയിരുത്തിയിരുന്നത്.
ഈ തുക ചെലവായതോടെയാണ് 10 ലക്ഷം അധിക ഫണ്ടായി ധനവകുപ്പ് അനുവദിച്ചത്. ഇതോടെ ഷംസീറിന്റെ യാത്രപ്പടിയുടെ ആകെ ചെലവ് 33 ലക്ഷമായി ഉയരും.
ഘാനയില്‍ നടന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഒക്ടോബര്‍ ഒന്നിന് ഷംസീര്‍ പോയതു കുടുംബ സമേതമായിരുന്നു. തുടര്‍ന്ന് ഇറ്റലി, സ്വിറ്റ്‌സര്‍ലണ്ട്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഒക്ടോബര്‍ 16നാണ് ഷംസീറും കുടുംബവും തിരിച്ചെത്തിയത്.
വിദേശ സന്ദര്‍ശനം നടത്തുമ്പോള്‍ മുഖ്യമന്ത്രി കുടുംബ സമേതം യാത്ര ചെയ്യുന്ന മാതൃകയിലായിരുന്നു ഷംസീറിന്റെ യാത്രയും. അടുത്തിടെ പുതിയ ഇന്നോവ ക്രിസ്റ്റയും ഷംസീറിനായി വാങ്ങിയിരുന്നു.
ഷംസീര്‍ സ്പീക്കറായതിനു ശേഷം നിയമസഭയില്‍ നടക്കുന്ന പല കാര്യങ്ങളും കേട്ട് കേള്‍വിയില്ലാത്തതും ഖജനാവിന് ഭാരിച്ച ചെലവ് വരുന്നതുമാണ്. അന്താരാഷ്ട്ര പുസ്തകമേളയാണ് അതിലൊന്ന്. മുന്‍കാല സ്പീക്കര്‍മാര്‍ ആരും പുസ്തകമേള നിയമസഭയില്‍ സംഘടിപ്പിച്ചിട്ടില്ല.
2 കോടി രൂപയാണ് നവംബര്‍ 1 മുതല്‍ നിയമസഭയില്‍ നടക്കുന്ന പുസ്തകമേളക്ക് ധനവകുപ്പ് അനുവദിച്ചത്. ചിന്ത പബ്‌ളിക്കേഷന്‍സിലെ ആരും വായിക്കാത്ത കെട്ടി കിടക്കുന്ന പുസ്തകങ്ങള്‍ പുസ്തകമേളയുടെ മറവില്‍ വിറ്റഴിക്കപ്പെടുന്നു എന്ന ആരോപണങ്ങളും ഉയരുന്നു. ജീവനക്കാര്‍ക്ക് ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് ഷംസീര്‍ ഓണസദ്യ നല്‍കിയതും വിവാദമായിരുന്നു.
ഓണ സദ്യ തികയാതെ വന്നതാണ് വിവാദത്തിന് കാരണം. കോടിയേരി ബാലകൃഷ്ണന്റെ ശുപാര്‍ശയിലായിരുന്നു ഷംസീര്‍ സ്പീക്കര്‍ ആയത്. പുതിയ കാറും കുടുംബ സമേതമുള്ള വിദേശ യാത്രയും യാത്രപ്പടി ഇനത്തിലെ ലക്ഷങ്ങളുമായി പിണറായി ശൈലിയിലാണ് ഷംസീറിന്റെ നിയമസഭ ഭരണവും.