ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി സ്വർണ്ണം നേടി ശീതൾ ദേവി. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവായ ശീതൾ ദേവി ഇന്ന് സിംഗപ്പൂർ താരം ആലിമിനെ തോൽപ്പിച്ചാണ് സ്വർണ്ണം നേടിയത്.

ലോകത്തിലെ ആദ്യത്തെ കൈകളില്ലാത്ത വനിതാ അമ്പെയ്ത്തുകാരിയാണ് ശീതൾ ദേവി. തുടർച്ചയായി ആറ് തവണ 10 സ്കോർ ചെയ്യാൻ ശീതളിന് സാധിച്ചു. ആലിമിനെ 144-142 എന്ന സ്‌കോറിന് ആണ് തോൽപ്പിച്ചത്. .

നേരത്തെ ടീം ഇവന്റിലും ശീതൾ ദേവി സ്വർണ്ണം നേടി. ആകെ മൂന്ന് മെഡൽ ശീതൽ നേടി. ഇന്ത്യ ഇതുവരെ 24 സ്വർണ്ണവും 27 വെള്ളിയും 43 വെങ്കലവും അടക്കം 94 മെഡൽ നേടി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡൽ നേട്ടമാണ് ഇത്.

രണ്ട് കൈകളും ഇല്ലാത്ത താരം കാലുകൊണ്ടാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 2023ലെ ഏഷ്യൻ പാരാ ഗെയിംസിൽ ശീതൾ ദേവിയുടെ മൂന്നാമത്തെ മെഡലാണിത്. നേരത്തെ, പാരാ അമ്പെയ്ത്ത് മിക്‌സഡ് ഇനത്തിൽ സ്വർണവും വനിതാ ഡബിൾസ് കോമ്പൗണ്ട് ഇനത്തിൽ വെള്ളിയും നേടിയിട്ടുണ്ട്.

ജമ്മു കാശ്മീരിലെ കിഷ്ത്വാറിലാണ് ശീതള്‍ ജനിച്ചത്. ജന്മനാ കൈകളില്ലാതിരുന്നെങ്കിലും സ്‌പോര്‍ട്‌സിനോടുള്ള അഭിനിവേശം ശീതളിനെ അമ്പെയ്ത്തിലേക്കു എത്തിച്ചു. 2019ല്‍ ഇന്ത്യന്‍ ആര്‍മിയുടെ രാഷ്ട്രീയ റൈഫിള്‍സ് വിഭാഗം കിഷ്ത്വാറില്‍ വച്ച് ഒരു കായിക മത്സരം സംഘടിപ്പിക്കുകയുണ്ടായി. അതില്‍ ശീതളും പങ്കെടുത്തിരുന്നു. അംഗപരിമിതികളിൽ തളരാതെയുള്ള ശീതളിന്റെ അസാധാരണ പ്രകടനം എല്ലാവരെയും അത്ഭുതപ്പെടുത്തി.

ശീതളിന്റെ അമ്പെയ്ത്തിലുളള മികവ് മനസിലാക്കിയ ഇന്ത്യൻ സൈന്യം തന്നെ ശീതളിന് പരിശീലനം നല്‍കാന്‍ തീരുമാനിച്ചു. അമ്പെയ്തിലുളള വിദഗ്ധമായ പരിശീലനത്തിനൊപ്പം വിദ്യാഭ്യാസവും ചികിത്സയും അവര്‍ നല്‍കി. ബോളിവുഡ് നടന്‍ അനുപം ഖേര്‍, ബാംഗളുരുവിലെ മേഘ്‌ന ഗിരിഷ് എന്നിവരുടെയും ചില എന്‍.ജി.ഒ ഗ്രൂപ്പിന്റെയും സഹായവും ശീതളിന് ലഭ്യമായിരുന്നു. ഇവരുടെ സഹായത്താല്‍ ശീതളിന് കൃത്രിമ കൈകളും ലഭ്യമാക്കിയിരുന്നു.

തുടര്‍ന്ന് ദേശീയ പാരാലിമ്പിക്‌സ് ആര്‍ച്ചറി കോച്ചായ കുല്‍ദീപ് ബൈദ്വാന്റെ മേല്‍നോട്ടത്തില്‍ ശീതളിന് മികച്ച പരിശീലനവും ലഭിച്ചു. ദേശീയ തലത്തിലും മറ്റും വിവിധ ആര്‍ച്ചറി മത്സരങ്ങളില്‍ പങ്കെടുത്ത് ശീതള്‍ സമ്മാനങ്ങള്‍ നേടുകയുമുണ്ടായി. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്റെ സാന്നിധ്യം ശീതള്‍ ഉറപ്പിച്ചത് ചെക്ക് റിപബ്ലിക്കില്‍ നടന്ന പാരാ ലോക ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ വെളളി മെഡല്‍ നേടിക്കൊണ്ടാണ്. ഇതോടെ ലോകത്തിലെ കൈകളില്ലാത്ത ആദ്യത്തെ വനിത അമ്പെയ്തുകാരിയെന്ന ബഹുമതിയാണ് ശീതള്‍ കരസ്ഥമാക്കിയിരിക്കുന്നത്. ഇനി 2024ല്‍ പാരീസില്‍ വെച്ചു നടക്കുന്ന പാരാലിമ്പിക്‌സില്‍ മത്സരിക്കാനുളള പരിശീലനത്തിലാണ് ശീതള്‍.