കൊച്ചി: റിവ്യൂ ബോംബിങ് കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ തീരുമാനിക്കുന്നതിനായി സിനിമാ സംഘടനകളുടെ സംയുക്തയോഗം നവംബർ ഒന്നിന്. ഫെഫ്കയുടെയും നിർമാതാക്കളുടെ സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊച്ചിയിൽ വെച്ചാണ് യോഗം. സിനിമ രംഗത്തെ വിവിധ സംഘടനകൾ പങ്കെടുക്കും. എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷം വിഷയത്തിൽ നിലപാടുകൾ സ്വീകരിക്കും. സംയുക്ത യോഗത്തിന് മുന്നോടിയായി ഇന്ന് നിർമാതാക്കളുടെയും ഫെഫ്ക പ്രതിനിധികളുടെയും യോഗം കൊച്ചിയിൽ ചേർന്നിരുന്നു.നെ​ഗറ്റീവ് റിവ്യു എഴുതി സിനിമയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ ആദ്യ കേസ് ഇന്നലെ കൊച്ചി സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് കേസെടുത്തത്. സോഷ്യൽ മീഡിയയിലൂടെ സിനിമ മോശമാക്കാൻ ശ്രമിച്ചെന്നാണ് പരാതി. എറണാകുളം സെൻട്രൽ പൊലീസാണ് സിനിമ റിവ്യു ബോംബിങ്ങിനെതിരെ നടപടി ആരംഭിച്ചത്.

റിലീസ് ദിനത്തിൽ തിയേറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി കോടതി പരിഗണിച്ചിരുന്നു. മോശം റിവ്യു എഴുത്തിലൂടെ സിനിമാ മേഖലയെ നശിപ്പിക്കരുതെന്ന് അഭിപ്രായപ്പെട്ട കോടതി, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രയും കാലം എവിടെയായിരുന്നുവെന്നും ആരാഞ്ഞു. ഫോൺ കയ്യിലുള്ളവർക്ക് എന്തും ആകാമെന്ന അവസ്ഥയാണുള്ളതെന്നും ബ്ലാക്മെയിലിംഗ് നടത്തുന്ന വ്ലോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ ഭയപ്പെടേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. റിവ്യൂ നിയന്ത്രിക്കാൻ പ്രത്യേക പ്രോട്ടോകോൾ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയും അറിയിച്ചിരുന്നു.