തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിച്ചു തുടങ്ങി. മുഖ്യമന്ത്രിയുടെ വകുപ്പിലാണ് ഉന്നത ഉദ്യോഗസ്ഥക്കുവേണ്ടി സംഗീതം മുഴങ്ങിത്തുടങ്ങിയത്. പൊതുഭരണ (എ.ഐ.എസ്) വകുപ്പ് അഡീഷണല്‍ സെക്രട്ടറി അഞ്ജന ഐ.എ.എസിന്റെ ഓഫീസില്‍ മ്യൂസിക് സിസ്റ്റത്തിന് 13,440 രൂപയാണ് അനുവദിച്ചത്. ഇതിന് പിന്നാലെ കൂടുതല്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മ്യൂസിക് സിസ്റ്റത്തിന് വേണ്ടി നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 29 നാണ് അജ്ഞനയുടെ ഓഫീസില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിച്ചത്. ഇതോടെ പാട്ട് കേട്ട് ജോലി ചെയ്യുന്ന സെക്രട്ടേറിയേറ്റിലെ ആദ്യ ഉദ്യോഗസ്ഥയായി അജ്ഞന മാറി. 13,440 രൂപയാണ് മ്യൂസിക് സിസ്റ്റത്തിന്റെ വില. തിരുവനന്തപുരം ബേക്കറി ജംഗഷ്‌നിലെ വിഷ്വല്‍ ടെക്‌നോളജിസ് പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു മ്യൂസിക് സിസ്റ്റം സ്ഥാപിക്കാനുള്ള ചുമതല.

ഈ മാസം നാലിന് വിഷ്വല്‍ ടെക്‌നോളജിക്ക് പണം കൊടുക്കണമെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഈ മാസം 17 ന് പണം അനുവദിച്ച് പൊതുഭരണ ഹൗസ് കീപ്പിംഗ് സെല്ലില്‍ നിന്ന് ഉത്തരവിറങ്ങി. പൊതുഭരണ എഐഎസ് വകുപ്പില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത് 2023 ജൂലൈ 14 നായിരുന്നു.

പാട്ട് കേട്ട് ജോലി ചെയ്യാനുള്ള ഭരണാനുമതി ഉത്തരവ് വിവാദമായതോടെ മ്യൂസിക് സിസ്റ്റം സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫിസില്‍ സമ്മര്‍ദ്ദം ചെലുത്തി മ്യൂസിക് സിസ്റ്റം നേടിയെടുക്കുകയായിരുന്നു അജ്ഞന. ഇങ്ങനെയാണ് പൊതുഭരണ എ.ഐ.എസ് വകുപ്പില്‍ സ്ഥാപിക്കാനിരുന്ന മ്യൂസിക് സിസ്റ്റം അജ്ഞനയുടെ ഓഫീസില്‍ സ്ഥാപിച്ചത്. ഐ.എ.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് പൊതുഭരണ (എ.ഐ.എസ്) വകുപ്പ് . ചീഫ് സെക്രട്ടറിയുടെ ഓഫിസിന് സമീപമാണിത്.

2 ലക്ഷം ഫയലുകളാണ് സെക്രട്ടേറിയേറ്റില്‍ കെട്ടിക്കിടക്കുന്നത്. പാട്ടുകേട്ട് ജോലി ചെയ്താല്‍ കാര്യശേഷി കൂടുമെന്ന് ചില പഠനങ്ങളും ഉണ്ട്. അജ്ഞനയുടെ പിന്നാലെ ജോലിയുടെ കാര്യ ശേഷി കൂട്ടാന്‍ സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥന്‍മാര്‍ മ്യൂസിക് സിസ്റ്റം വേണമെന്ന് ആവശ്യപ്പെട്ടാല്‍ ഖജനാവ് കുത്തുപാളയെടുക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി എന്നിവരെ കൂടാതെ നൂറോളം സെക്രട്ടറിമാരും സെക്രട്ടേറിയേറ്റില്‍ ഉണ്ട്. അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, അണ്ടര്‍ സെകട്ടറി എന്നി വിഭാഗങ്ങളിലായി ആയിരത്തില്‍ പരം ഓഫിസര്‍മാരും അടങ്ങുന്നതാണ് സെക്രട്ടേറിയേറ്റിലെ ക്ലാസ് വണ്‍ ഉദ്യോഗസ്ഥരുടെ ഘടന. ഓരോ വകുപ്പിലും 25 ഓളം സെക്ഷനുകളുമുണ്ട്. 43 വകുപ്പുകളാണ് ഉള്ളത്. ഓഫിസര്‍മാരെ കൂടാതെ സെക്ഷനുകളിലും മ്യൂസിക് സിസ്റ്റം വേണമെന്ന് ആവശ്യപ്പെട്ടാല്‍ ചെലവ് 3 കോടി കടക്കും.