തിരുവനന്തപുരം: എം.വി. രാഘവന്റെ മകന്‍ എം.വി. നികേഷ് കുമാറിന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് സീറ്റ് വാഗ്ദാനം നല്‍കിയിരുന്നെന്ന വെളിപ്പെടുത്തുലമായി രമേശ് ചെന്നിത്തല. നികേഷ് കുമാറിന്റെ ചാനല്‍ പരിപാടിയില്‍ തന്നെയാണ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലും ഓര്‍മ്മപ്പെടുത്തലും. വടകര പാര്‍ലമെന്റ് സീറ്റിലേക്കായിരുന്നു അന്ന് പരിഗണിച്ചിരുന്നു.

എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് കൃപാസനം കേന്ദ്രത്തില്‍ പോയി സാക്ഷ്യം പറഞ്ഞതിനെയും അനില്‍ ആന്റണി ബിജെപിയിലേക്ക് പോയതിനെയും കുറിച്ചുള്ള നികേഷിന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍.

ആര്‍ക്കും ഏതു പാര്‍ട്ടിയിലും ചേരാനും മത്സരിക്കാനുമുള്ള സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. അവിടെ അനില്‍ ആന്റണിയോട് നിര്‍ബന്ധം പിടിക്കാന്‍ കോണ്‍ഗ്രസ് ആളല്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. എം.വി. രാഘവനെ വധിക്കാന്‍ ശ്രമിച്ച സിപിഎമ്മിനുവേണ്ടി മകന്‍ എം.വി. നികേഷ് കുമാര്‍ മത്സരിച്ചപ്പോള്‍ ആരെങ്കിലും തടയാന്‍ ശ്രമിച്ചോ. അതോപോലെ അനില്‍ ആന്റണിയുടെ കാര്യം കണ്ടാല്‍ മതിയെന്നായിരുന്നു രമേശ് ചെന്നിത്തല നികേഷിനെ ഓര്‍മ്മിപ്പിച്ചത്.

എം.വി. നികേഷ് കുമാറിന് യു.ഡി.എഫ് വടകരയില്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നുവെന്നും ഇപ്പോള്‍ എല്ലാരും അറിയട്ടേയെന്നും രമേശ് ചെന്നിത്തല നികേഷിനോട് പറഞ്ഞു.