സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളത്തിലും പെന്‍ഷനിലും 10 ശതമാനം മുതല്‍ 20 ശതമാനം വരെ മാറ്റി പ്രത്യേക നിധി രൂപീകരിക്കാന്‍ ധനവകുപ്പ് ആലോചനയെന്ന വാര്‍ത്ത നിഷേധിച്ച് ധനമന്ത്രി.

സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍ക്കാരെയും കേരളീയ സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുമായി സൃഷ്ടിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകളെ കേരളീയ പൊതു സമൂഹം തള്ളിക്കളയുമെന്നുറപ്പുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

മൂന്നുവര്‍ഷത്തേക്ക് പ്രത്യേക നിധി രൂപീകരിക്കാന്‍ ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ ആലോചനകള്‍ നടക്കുന്നെന്ന വാര്‍ത്ത പുറത്തുവിട്ടത് മലയാളം മീഡിയയായിരുന്നു. വാര്‍ത്ത ഏറെ ചര്‍ച്ചയായതോടെയാണ് ധനമന്ത്രിയുടെ നിഷേധ കുറിപ്പ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴികള്‍ ആലോചിക്കുന്നതിനിടെയാണ് ഇത്തരമൊരു നിര്‍ദ്ദേശം ഉണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം, ജീവനക്കാര്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ മുടങ്ങിയതിനെക്കുറിച്ച് ധനമന്ത്രി വിശദീകരിച്ചിട്ടില്ല. ജീവനക്കാരുടെ ഡി.എ കുടിശ്ശിക 18 ശതമാനമായി. ലീവ് സറണ്ടര്‍ കൊടുത്തിട്ട് വര്‍ഷങ്ങളായി. പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ 2 ഗഡുക്കള്‍ തടഞ്ഞ് വച്ചിരിക്കുകയാണ്. ഡി.എ പരിഷ്‌കരണ കുടിശികയും പെന്‍ഷന്‍കാര്‍ക്ക് ലഭിച്ചില്ല.

കുടിശിക കിട്ടാതെ മരണമടഞ്ഞ പെന്‍ഷന്‍കാരുടെ എണ്ണം 80000 കടന്നു. ജീവനക്കാരും പെന്‍ഷന്‍കാരും പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ശമ്പളത്തിലും പെന്‍ഷനിലും കുറവ് വരുത്താനുള്ള നീക്കം പ്രതിഷേധത്തിന് കാരണമായേക്കുമെന്നും മലയാളം മീഡിയ ഈ മാസം അഞ്ചിന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് മൗനം അവംലബിച്ചായിരുന്നു ധനമന്ത്രിയുടെ നിഷേധ കുറിപ്പ്.