യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് സ്ഥാനമൊഴിയുന്നു. നവംബര്‍ മാസത്തിലായിരിക്കും അദ്ദേഹം ബിഷപ്പ് സ്ഥാനമൊഴിയുന്നത്. ഇക്കാര്യം സഭാ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. നിലവില്‍ യാക്കോബായ സഭയുടെ നിരണം, കുവൈറ്റ് ഭദ്രാസനങ്ങളുടെ ചുമതലയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്.
സ്ഥാനമൊഴിഞ്ഞതിന് ശേഷം മല്ലപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ഡ് ഏജ് ഹോമിലായിരിക്കും അദ്ദേഹം തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുക. ഇവിടെ താമസിക്കാനാണ് മാര്‍ കൂറിലോസ് ആഗ്രഹിക്കുന്നത്.
കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ശേഷം സന്ദേശം നല്‍കുമ്പോഴാണ് മെത്രാപ്പോലീത്ത രാജിക്കാര്യം പരസ്യമാക്കിയത്. ആനിക്കാട് ദയറായില്‍ സന്യാസജീവിതം നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം സന്ദേശ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ വ്യക്തമായി പറയുന്നതിലൂടെ ശ്രദ്ധേയനായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലൂടെയും തന്റെ നിലപാടുകളെക്കുറിച്ച് അദ്ദേഹം സംവദിച്ചിരുന്നു. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ് പോകുന്നതിലൂടെയും ചരിത്രത്തിന്റെ ഭാഗമാകുകയാണ്. യാക്കോബായ ചരിത്രത്തിലാദ്യമായാണ് ഒരു ബിഷപ്പ് സ്ഥാനമൊഴിയുന്നത്.