ഗവര്‍ണര്‍ക്ക് വേണ്ടി വര്‍ഷം ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് 12.52 കോടി
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രത്യേക തയ്യല്‍ക്കാരനെ അനുവദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവനില്‍ തയ്യല്‍ക്കാരന്റെ ഒഴിവ് നികത്തണമെന്ന ഗവര്‍ണറുടെ ആവശ്യത്തിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. തയ്യല്‍ക്കാരനെ ഉടന്‍ നിയമിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
തയ്യല്‍ക്കാരന്‍ തസ്തികയിലെ ഒഴിവു നികത്താന്‍ ആഗസ്ത് 21 ന് പൊതുഭരണ പൊളിറ്റിക്കല്‍ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. സര്‍ക്കാര്‍ വകുപ്പുകളിലെ സമാന തസ്തികയുള്ള ഉദ്യോഗസ്ഥരില്‍ നിന്നും സമാന ശമ്പള സ്‌കെയില്‍ ഉള്ള തയ്യല്‍ മേഖലയില്‍ പരിചയമുള്ള ഉദ്യോഗസ്ഥരില്‍ നിന്നും പാനല്‍ തയ്യാറാക്കാനാണ് സര്‍ക്കുലര്‍ ഇറക്കിയത്.
23700- 52600 ശമ്പള സ്‌കെയിലാണ് തയ്യല്‍ക്കാരന്റേത്. ഡി.എ, മറ്റ് അലവന്‍സുകള്‍ ഉള്‍പ്പെടെ പ്രതിമാസം 30,000 രൂപ ശമ്പളമായി തയ്യല്‍ക്കാരന് ലഭിക്കും. സെപ്റ്റംബര്‍ 11 ന് മുമ്പ് അപേക്ഷ ലഭിക്കണമെന്നാണ് സര്‍ക്കുലര്‍ നിര്‍ദ്ദേശം. ലഭിച്ച അപേക്ഷകളില്‍ പൊളിറ്റിക്കല്‍ വകുപ്പ് ഉടന്‍ തീരുമാനം എടുക്കും.
രാജ്ഭവനിലെ തയ്യല്‍ക്കാരനാണ് ഗവര്‍ണര്‍ക്ക് കുപ്പായം തുന്നുന്നത് എന്ന് തെറ്റിദ്ധരിക്കരുത്. രാജ്ഭവനില്‍ ഇതുപോലെ ധാരാളം തസ്തികകളുണ്ട്. 172 സ്ഥിരം തസ്തികകള്‍ കൂടാതെ 200 ഓളം താല്‍ക്കാലിക ജീവനക്കാരും രാജ്ഭവനില്‍ ഉണ്ട്. 12 തോട്ടക്കാരന്‍, 3 വാച്ചര്‍, 12 തൂപ്പുകാര്‍, 4 വെയ്റ്റര്‍, മുഖ്യ പാചകക്കാരനെ കൂടാതെ സഹായിക്കാന്‍ 5 പേര്‍, 2 അലക്കുകാര്‍, അലക്കുകാര്‍ക്ക് ഒരു സൂപ്പര്‍ വൈസര്‍, 5 കാര്യസ്ഥന്‍, 1 ഡോക്ടര്‍, 1 സ്റ്റാഫ് നേഴ്‌സ്, 1 ഫോട്ടോ ഗ്രാഫര്‍ തുടങ്ങിയ 177 തസ്തികകള്‍ രാജ്ഭവനില്‍ ഉണ്ട്. ആള്‍ ഇന്ത്യ സര്‍വിസിലുള്ള രണ്ട് ഉദ്യോഗസ്ഥരും രാജ്ഭവനില്‍ ഉണ്ട്.
12.52 കോടിയാണ് ഗവര്‍ണര്‍ക്കു വേണ്ടി ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. 42 ലക്ഷം രൂപയാണ് ഗവര്‍ണറുടെ ശമ്പളം. 25 ലക്ഷം ഇഷ്ടാനുസരണം ഗവര്‍ണര്‍ക്ക് ചിലവഴിക്കാം. 4.02 കോടി ഗാര്‍ഹിക ചെലവിനും 42.35 ലക്ഷം വൈദ്യ സഹായത്തിനും നീക്കി വച്ചിട്ടുണ്ട്. 2 ലക്ഷം രൂപ ഗവര്‍ണര്‍ക്ക് എന്റര്‍ടെയിന്‍മെന്റ് ചെലവിന് ലഭിക്കും. രാജ്ഭവന്‍ സെക്രട്ടേറിയേറ്റിന്റെ ചെലവിന് 7.15 കോടി.
കോടികണക്കിന് രൂപ ഗവര്‍ണര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്നുണ്ടെങ്കിലും തനിക്ക് ബോധ്യം ഉള്ള ബില്ലുകള്‍ മാത്രമേ ഗവര്‍ണര്‍ ഒപ്പിടുന്നുള്ളു. ഇക്കാര്യത്തില്‍ പിണറായിക്ക് ഗവര്‍ണറുമായി അഭിപ്രായവ്യത്യാസമുണ്ട്. ഗവര്‍ണറെ പരമാവധി പിണക്കാതെ ഭരണം നടത്തി കൊണ്ട് പോകുന്ന ശൈലിയാണ് പിണറായി പിന്തുടരുന്നത്. ചോദിക്കുന്നത് എന്തും ഗവര്‍ണര്‍ക്ക് കൊടുക്കും. പുതിയ ബെന്‍സ് അടുത്തിടെ ഗവര്‍ണര്‍ക്ക് വാങ്ങിച്ചു കൊടുത്തു. തയ്യല്‍ക്കാരനേയും ഉടന്‍ കൊടുക്കും. ഗവര്‍ണര്‍ ഹാപ്പിയാല്‍ ബില്ലുകള്‍ മുറ പോലെ പാസായി വരുമെന്ന പ്രതീക്ഷയിലാണ് പിണറായി.