Kerala

AI ക്യാമറകള്‍ ഓവര്‍ സ്പീഡ് കണ്ടെത്തുന്നില്ല; അതുകൊണ്ട് വേഗപരിധി ബോര്‍ഡുകള്‍ സ്ഥാപിച്ചില്ലെന്ന് ആന്റണി രാജു

എ.ഐ ക്യാമറകള്‍ വേഗപരിധി ലംഘിക്കുന്ന കുറ്റകൃത്യം കണ്ടെത്തുന്നില്ല അതു കൊണ്ടാണ് വേഗപരിധി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതെന്ന് ആന്റണി രാജുവിന്റെ ക്യാപ്‌സൂള്‍; വിചിത്ര മറുപടിയില്‍ ഞെട്ടി എ.പി.അനില്‍ കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള എ.ഐ ക്യാമറകള്‍ വേഗപരിധി ലംഘിക്കുന്ന കുറ്റകൃത്യം കണ്ടെത്തുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

എ.ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വേഗപരിധി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സൂചിപ്പിച്ചിട്ടുണ്ടോ എന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍.എ നിയമസഭയില്‍ ഈ മാസം 12ന് ചോദ്യം ഉന്നയിച്ചിരുന്നു.

വേഗപരിധി ലംഘിക്കുന്ന കുറ്റകൃത്യം കണ്ടെത്താത്തതിനാല്‍ ഇത്തരം ക്യാമറകള്‍ ഉള്ളിടത്ത് പ്രത്യേക വേഗപരിധി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലെന്നാണ് ആന്റണി രാജുവിന്റെ മറുപടി. 726 എ.ഐ ക്യാമറകള്‍ സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിക്കാനും പരിപാലിക്കാനുമായി 232.25 കോടിയാണ് ചെലവ് എന്നാണ് സര്‍ക്കാര്‍ കണക്ക്. പ്രതിപക്ഷം കയ്യോടെ എ.ഐ ക്യാമറയിലെ അഴിമതി പൊക്കിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.

മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അച്ഛന്‍ പ്രകാശ് ബാബുവിന് ബന്ധമുള്ള പ്രസാഡിയോ കമ്പനിയായിരുന്നു എ.ഐ ക്യാമറയിലെ വില്ലന്‍. ടെണ്ടര്‍ മാനദണ്ഡങ്ങള്‍ മുഴുവന്‍ ലംഘിച്ചാണ് കെല്‍ട്രോണ്‍ വഴി പ്രസാഡിയോ കമ്പനി എ.ഐ ക്യാമറ പദ്ധതിയില്‍ കയറി കൂടിയത്.

ധനവകുപ്പ് എതിര്‍ത്തിട്ടും മന്ത്രിസഭ യോഗത്തില്‍ വച്ച് എ.ഐ ക്യാമറ പദ്ധതി പാസാക്കിയെടുക്കുകയായിരുന്നു പിണറായി. തെളിവുകള്‍ ഒന്നൊന്നായി പ്രതിപക്ഷം പുറത്ത് വിട്ടതോടെ എ.ഐ ക്യാമറ പദ്ധതി കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ അഴിമതി പദ്ധതിയായി മാറി.

എ.ഐ ക്യാമറ അഴിമതിയില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയിലെത്തിയതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടുമോ എന്ന ആശങ്കയിലാണ് മുഖ്യമന്ത്രി. എ.ഐ ക്യാമറ വഴി 3.37 കോടി രൂപയാണ് പിഴയായി 2023 ജൂലൈ 31 വരെ ഈടാക്കിയത്. 3,23,604 പേര്‍ക്ക് നിയമലംഘനം നടത്തിയതിന് ചെലാന്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ടെന്ന് ആന്റണി രാജു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *