സെപ്റ്റംബര്‍ 18ന് ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത് പഴയ മന്ദിരത്തില്‍. വിനായക ചതുര്‍ഥി ദിനമായ 19ാം തീയതി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് സമ്മേളനം മാറ്റുമെന്നാണ് അറിയുന്നത്. (Special Session of Parliament To Move To New Building On Sept 19 On Occasion Of Ganesh Chaturthi)

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു’മായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ ഉണ്ടായേക്കാമെന്നും വിവരമുണ്ട്. ഇന്ത്യയെന്ന പേരുമാറ്റി ഭാരതം എന്നാക്കാനുള്ള നീക്കത്തിലും ചര്‍ച്ചകള്‍ ഉയര്‍ന്നേക്കാം.

അതേസമയം, പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, അദാനി വിഷയം, മണിപ്പുര്‍ കലാപം, ചൈനീസ് കടന്നുകയറ്റം അടക്കമുള്ള വിഷയങ്ങളിലാണ് ചര്‍ച്ച ആവശ്യപ്പെട്ടത്. ഇന്ത്യ സഖ്യത്തിന് വേണ്ടിയാണ് സോണിയയുടെ കത്ത്.

ഇതിനിടെ, ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പഠിക്കാന്‍ രൂപീകരിച്ച സമിതിയുടെ ആദ്യയോഗം ബുധനാഴ്ച ചേരും. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വസതിയിലാണ് യോഗം. രാം നാഥ് കോവിന്ദാണ് സമിതി അധ്യക്ഷന്‍.

വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകളുടെ നിലവിലെ സാഹചര്യം, അദാനി വിഷയം എന്നിവയില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെട്ടാണ് കത്ത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എടുത്താല്‍ ശക്തമായി പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം. ഈ മാസം 18 ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലെ അജണ്ടകള്‍ വ്യക്തമായതിനുശേഷം യോജിച്ച പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഇന്‍ഡ്യ മുന്നണി തീരുമാനിച്ചത്.

അജണ്ടകള്‍ എന്താണെന്ന് അറിയാതെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തേണ്ടത് ഇല്ല എന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയെന്ന രാജ്യത്തിന്റെ പേര് ഭാരതമെന്നാക്കി മാറ്റല്‍ തുടങ്ങി കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏകപക്ഷീയമായ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഇന്നലെ ചേര്‍ന്ന ഇന്‍ഡ്യ മുന്നണി യോഗത്തിലും ധാരണയായി.