സനാതന ധര്‍മ്മം വിവാദത്തില്‍ ഉദയനിധി സ്റ്റാലിന് ഉചിതമായ മറുപടി നല്‍കാന്‍ മന്ത്രിമാരോട് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസ് എടുക്കുന്നതിന് പിന്നാലെയാണ് മന്ത്രിമാരോടും പ്രതികരിക്കാന്‍ നിര്‍ദ്ദേശം.

ക്യാബിനറ്റ് മീറ്റിംഗിന് ശേഷം മന്ത്രിമാരോട് അനൗദ്യോഗികമായി സംസാരിക്കവേയാണ് സനാതന ധര്‍മ്മ വിവാദം ചര്‍ച്ചയായത്. ഇന്നത്തെ കാലത്ത് എന്താണ് സനാതന ധര്‍മ്മത്തിന്റെ പ്രസക്തി എന്താണെന്ന് ഡി.എം.കെയെ പഠിപ്പിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ പക്ഷം. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സനാതന ധര്‍മ്മം മുങ്ങിപ്പോകരുതെന്നും, പേര് ഭാരതം എന്നാക്കുന്നതിനെക്കുറിച്ച് സംഘടനയുടെ വക്താക്കള്‍ മാത്രമേ പ്രതികരിക്കാവൂ എന്നും മോദി മന്ത്രിമാരോട് അറിയിച്ചു.

അതേസമയം, സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവനയില്‍ ഡി.എം.കെ. നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരേ ഉത്തര്‍പ്രദേശില്‍ കേസെടുത്തു. ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ചതിന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. രാംപുരിലെ സിവില്‍ലൈന്‍സ് പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തല്‍, വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകരായ ഹര്‍ഷ് ഗുപ്ത, രാംസിങ് ലോധി എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്.

‘ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധര്‍മത്തെയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം.

ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷവിമര്‍ശനമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാല്‍ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും ഇതിന്റെ പേരില്‍ എന്ത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മത്തിന്റെ മോശം വശങ്ങള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും തുടര്‍ന്നും ഇത് പറഞ്ഞുകൊണ്ടിരിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.