തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാരെ കൃത്യമായി ജോലി ചെയ്യിക്കാന്‍ ഏര്‍പ്പെടുത്തിയ ‘ആക്‌സസ് കണ്‍ട്രോള്‍’ സംവിധാനം അട്ടിമറിക്കപ്പെടുന്നു. അടിയന്തര ഘട്ടത്തില്‍ ഓഫ് ചെയ്യാനായി ഘടിപ്പിച്ചിട്ടുള്ള സ്വിച്ച് ഉപയോഗിച്ച് ജീവനക്കാര്‍ തന്നെ ഇടക്കിടയ്ക്ക് ഓഫ് ആക്കുന്നതാണ് വെല്ലുവിളി.

ഒരുസമയം ഒരാള്‍ക്കുമാത്രം കടന്നുപോകാനുള്ള ഫ്‌ളാപ് ബാരിയര്‍ ഗേറ്റ് വഴി നിരവധി ആളുകള്‍ ഒരുമിച്ച് കടന്നുപോകുന്നതും ഇതിന് കേടുപാടുകള്‍ വരുത്തുന്നുണ്ട്. ഇനി ഇത് കേടുവരുത്തുന്നവരില്‍ നിന്ന് തുക ഈടാക്കാനും അച്ചടക്ക നടപടികള്‍ സ്വീകരിക്കാനുമാണ് തീരുമാനം.

സെക്രട്ടറിയറ്റ് സെക്യൂരിറ്റി വിഭാഗം ഇക്കാര്യത്തില്‍ നിരീക്ഷണം ശക്തമാക്കണമെന്ന്് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ പ്രത്യേക നിര്‍ദ്ദേശത്തില്‍ പറയുന്നു.

സെക്രട്ടറിയറ്റ് ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഒപ്പിട്ട് ഡ്യൂട്ടി ചെയ്യാതെ മുങ്ങുന്ന പരിപാടി ഒഴിവാക്കാനുമാണ് ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി സെക്രട്ടേറിയറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എല്ലാ ജീവനക്കാര്‍ക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതിനെ അട്ടിമറിക്കാനുള്ള കൈക്രിയകള്‍ ജീവനക്കാര്‍ തന്നെ ഒപ്പിച്ചുവെക്കുന്നതാണ് സര്‍ക്കാരിന് തലവേദനയായിരിക്കുന്നത്.

അട്ടിമറി ഒഴിവാക്കാന്‍ ഏഴ് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് പൊതുഭരണ വകുപ്പ്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ സെക്രട്ടറിയറ്റിലെ എല്ലാ വാതിലുകളുടെയും ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം കൃത്യമായി പ്രവര്‍ത്തിപ്പിക്കേണ്ടത് സെക്യൂരിറ്റി വിഭാഗത്തിന്റെ ചുമതലയാണെന്ന് നിര്‍ദ്ദേശത്തില്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.

ഫ്‌ളാപ് ബാരിയര്‍ കൈകൊണ്ട് തടയുന്നതും ഒരേസമയം ഒന്നലധികം പേര്‍ പ്രവേശിക്കുന്നതും ഒഴിവാക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ശ്രദ്ധിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

രാവിലെ പഞ്ച് ചെയ്ത ശേഷം മുങ്ങിയാല്‍ പിടികൂടുന്നതാണു പുതിയ സംവിധാനം. അര മണിക്കൂറില്‍ കൂടുതല്‍ പുറത്തു പോയാല്‍ ഇത് രേഖപ്പെടുത്തപ്പെടും. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം വന്നതോടെ രാവിലെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉച്ചയൂണിനു മാത്രമേ ഇടയ്ക്കു പുറത്തിറങ്ങാന്‍ സാധിക്കൂ. ഈ സംവിധാനത്തെ ശമ്പള സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിനാല്‍ പുറത്തുപോയാല്‍ അത് ശമ്പളത്തെയും ബാധിക്കും. ഇതിനെ ബൈപ്പാസ് ചെയ്യുന്നതിന് ജീവനക്കാര്‍ തന്നെ ചെയ്യുന്ന കാര്യങ്ങളെ പ്രതിരോധിക്കാന്‍ വഴികള്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍.

നിലവില്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ രാവിലെയും വൈകിട്ടും പഞ്ച് ചെയ്യണം. വൈകി എത്തുന്നതിനും നേരത്തേ പോകുന്നതിനുമായി മാസം 300 മിനിറ്റ് വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. പുതിയ സംവിധാനം വരുന്നതോടെ സന്ദര്‍ശകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഏതു സെക്ഷനില്‍ ആരെ സന്ദര്‍ശിക്കുന്നു എന്നു സന്ദര്‍ശക കാര്‍ഡ് വഴി നിയന്ത്രിക്കും. ജീവനക്കാരെ ഓഫിസുകളിലെത്തി കാണുന്നതിനും ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും നിയന്ത്രണം വന്നിട്ടുണ്ട്.