തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിനെ മുന്നണിയില്‍ നിന്ന് അകറ്റാനുള്ള നീക്കം സജീവമാക്കി സിപിഎം. ആര്‍. ബാലകൃഷ്ണപിള്ളയുടെ കാലത്ത് കേരള കോണ്‍ഗ്രസ് ബിക്ക് നല്‍കിയ സ്ഥാനങ്ങള്‍ ഓരോന്നായി എടുത്തുകളായാനാണ് സിപിഎം തീരുമാനം.
കേരള കോണ്‍ഗ്രസ് ബിയുമായി ആലോചിക്കാതെ മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കെ.ബി. ഗണേഷ് കുമാറിന്റെ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെജി പ്രേംജിത്തിനെ ആണ് മാറ്റിയത്.
ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ നിയമിച്ചത്. ചര്‍ച്ച ഇല്ലാതെ ചെയര്‍മാനെ മാറ്റിയതില്‍ കേരള കോണ്‍ഗ്രസ് ബി കടുത്ത അതൃപ്തിയിലാണ്. പ്രേംജിത്തിന് പകരം എം രാജഗോപാലന്‍ നായരാണ് മുന്നാക്ക സമുദായ വികസന കോര്‍പറേഷന്റെ പുതിയ ചെയര്‍മാന്‍.
അതേസമയം കേരള കോണ്‍ഗ്രസ് ബിയുടെ ഏക എംഎല്‍എ കെബി ഗണേഷ് കുമാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്. കഴിഞ്ഞ മാസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി കെ ബി ഗണേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു.
തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. പത്തനാപുരം ബ്ലോക്കില്‍ 100 മീറ്റര്‍ റോഡ് പോലും ഈ വര്‍ഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നും മുന്‍ മന്ത്രി ജി സുധാകരന്‍ സ്‌നേഹവും പരിഗണനയും നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗണപതി മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനെ പരസ്യമായി തള്ളി പറഞ്ഞ ഗണേഷ്, പൊതുമരാമത്ത് വകുപ്പ് മന്ത്രിയും പിണറായി വിജയന്റ്‌റെ മരുമകന്‍ കൂടിയായ പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ചത് ഇടത് നേതൃത്വത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്.
പൊതു വേദിയിലെ ഈ വിമര്‍ശനം പാര്‍ട്ടിയെ മൊത്തത്തില്‍ മോശമായി ബാധിച്ചുവെന്നാണ് സിപിഎം വിലയിരുത്തല്‍. അതിനാല്‍ തന്നെ പൊതുമരാമത്തിനെ വിമര്‍ശിക്കുന്നവര്‍ പാര്‍ട്ടി ശത്രുക്കളാണെന്ന സന്ദേശം നല്‍കും.
പത്തനാപുരം ബ്ലോക്കില്‍ 100 മീറ്റര്‍ റോഡ് പോലും ഈ വര്‍ഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ല. മുന്‍ മന്ത്രി ജി സുധാകരന്‍ സ്‌നേഹവും പരിഗണനയും നല്‍കിയിരുന്നു. റോഡ് ഉദ്ഘാടന ചടങ്ങില്‍ ഫണ്ട് അനുവദിച്ച ജി സുധാകരന്റെ ചിത്രം വയ്ക്കാതിരുന്ന സംഘാടകരെ ഗണേശ് വിമര്‍ശിക്കുകയും ചെയ്തു. പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പൊതുമരാമത്ത് മന്ത്രിയെ ഗണേശ് പരസ്യമായി വിമര്‍ശിച്ചത്.
പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ റിയാസിനെ സുധാകരന് മുകളിലേക്ക് കൊണ്ടു വരാനും മുന്നണിയില്‍ നീക്കം നടക്കുന്നുണ്ട്. ഇതാണ് ഗണേശ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതും. ജി സുധാകരനാണ് പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന് പണം അനുവദിച്ചത്. അദ്ദേഹത്തിനുള്ള നന്ദി കൈയടിച്ച് അറിയിക്കണം. പോസ്റ്റില്‍ മന്ത്രി റിയാസിന്റെ പടം വച്ച സ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ ജി സുധാകരന്റെ പടമായിരുന്നു വെക്കേണ്ടിയിരുന്നത്.
ഫലത്തില്‍ വേദിയില്‍ റിയാസിനെ എല്ലാ അര്‍ത്ഥത്തിലും തൃണവല്‍ക്കരിക്കുകയായിരുന്നു ഗണേശ്. ഇതോടെ വരുന്ന മന്ത്രി സഭാ പുനഃസംഘടനയില്‍ ഗണേഷ് ഉണ്ടാവില്ല എന്ന് വേണം കരുതാന്‍. ഇങ്ങനെവന്നാല്‍ മുന്നണി വിടാന്‍ ഗണേഷ് കുമാര്‍ തയ്യാറായേക്കും.
അങ്ങനെയെങ്കില്‍ ഗണേഷിനെ മുന്നണിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയേക്കും. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഗണപതി പരാമര്‍ശവിവാദത്തില്‍ എന്‍എസ്എസിനൊപ്പമായിരുന്നു കെ.ബി. ഗണേഷ്‌കുമാര്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. മുന്നണി മാറ്റത്തിന് ഗണേഷിനെ പ്രേരിപ്പിക്കാന്‍ ഇതും അനുകൂല ഘടകമാകുമെന്നാണ് കരുതപ്പെടുന്നത്