രണ്ടര വര്‍ഷം കഴിഞ്ഞിട്ടും കേസുകള്‍ പിന്‍വലിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി പുതുപ്പള്ളിയില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ജെയ്ക്ക്

ശബരിമല യുവതി പ്രവേശന സംബന്ധിച്ച പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാതെ മുഖ്യമന്ത്രി. ലോക്സഭ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയെ തുടര്‍ന്ന് 2021 ഫെബ്രുവരി 26 ന് ശബരിമല പ്രതിഷേധ സമരങ്ങളിലും പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളിലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.

ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പില്‍ നിന്നും ഇറങ്ങിയിരുന്നു. ഉത്തരവ് ഇറങ്ങി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പിന്‍വലിച്ചത് നാമമാത്ര കേസുകള്‍ ആണ്. 2636 കേസുകളാണ് ശബരിമല യുവതി പ്രവേശന പ്രതിഷേധവുമായി രജിസ്റ്റര്‍ ചെയ്തത്. സി.ആര്‍.പി.സി 321 പ്രകാരം 93 കേസുകള്‍ പിന്‍വലിക്കാനാണ് മുഖ്യമന്ത്രി ഇതുവരെ തയ്യാറായത്.

അതില്‍ തന്നെ 41 കേസുകള്‍ പിന്‍വലിക്കാനാണ് കോടതി അനുമതി നല്‍കിയത്. 25408 പേരെ പ്രതികളായി ഉള്‍പ്പെടുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി സമരവുമായി രജിസ്റ്റര്‍ ചെയ്ത 732 കേസുകള്‍ ഗുരുതര സ്വാഭാവം ഇല്ലാത്തതാണ് എന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ യുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു.

എന്നിട്ടും 63 കേസുകള്‍ക്കാണ് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും നിരാക്ഷേപ പത്രം കൊടുത്തത്. പൗരത്വ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ശബരിമലയിലും പൗരത്വ പ്രതിഷേധത്തിലും മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനം പാലിക്കാത്തത് പുതുപ്പള്ളിയില്‍ ചര്‍ച്ച വിഷയമാണ്. പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ കൂരായണ എന്ന ശൈലിയാണ് ഈ രണ്ട് സംഭവത്തിലും മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്ന് പിന്‍വലിച്ച കേസുകളില്‍ നിന്ന് വ്യക്തം.