വക്കീൽ ഫീസ് മാത്രം 1.20 കോടി രൂപ; പി രാജിവിന്റെ മറുപടി
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ജനകീയതയെ ഏറ്റവും കൂടുതൽ ഭയപ്പെട്ട വ്യക്തിയായിരുന്നു പിണറായി വിജയൻ. അതുകൊണ്ട് തന്നെയാണ് സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ പിണറായി പണി പതിനെട്ടും പയറ്റിയതും. ജനങ്ങളുടെ നികുതിപ്പണമെടുത്ത് പിണറായി കാണിച്ച രാഷ്ട്രീയവേട്ടയുടെ ചെലവ് മന്ത്രി പി. രാജീവ് തന്നെ വെളിപ്പെടുത്തുന്നത് ഇങ്ങനെ…
സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഉമ്മൻ ചാണ്ടിക്കെതിരെ വാദിക്കാൻ ഡൽഹിയിൽ നിന്ന് സുപ്രീം കോടതി വക്കീൽ രജ്ഞിത് കുമാറിനെ പിണറായി കൊണ്ട് വന്നു.
1.20 കോടിയാണ് വക്കീൽ ഫീസായി രജ്ഞിത് കുമാറിന് നൽകിയതെന്ന് ഈ മാസം 9ന് നിയമസഭയിൽ മന്ത്രി പി.രാജീവ് രേഖാമൂലം മറുപടി നൽകി. കോൺഗ്രസ് എംഎൽഎ സി.ആർ. മഹേഷാണ് ചോദ്യം ഉന്നയിച്ചത്.
വിമാന ടിക്കറ്റും ഹോട്ടൽ താമസവും എല്ലാം സർക്കാർ വക. ആ ഇനത്തിലെ ചെലവ് 3,07,275 രൂപ. സോളാർ കേസിൽ നിയമ ഉപദേശം തേടിയത് വിരമിച്ച സുപ്രീം കോടതി ജഡ്ജി അരിജിത്ത് പസായത്തിനോട് ആയിരുന്നു. 5.50 ലക്ഷം രൂപ ഈ നിയമോപദേശത്തിനും നൽകി.
ഉമ്മൻ ചാണ്ടിയെ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു പിണറായി. ജനങ്ങളുടെ നികുതി പണം എടുത്ത് സുപ്രീം കോടതി അഭിഭാഷകർക്ക് കോടികൾ നൽകി. അഡ്വക്കറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, മറ്റ് സർക്കാർ അഭിഭാഷകർ എന്നിവരടങ്ങുന്ന വലിയ അഭിഭാഷക നിരയെ മറികടന്നാണ് കോടികൾ മുടക്കി ഡൽഹിയിൽ നിന്ന് മുതിർന്ന അഭിഭാഷകരെ ഇറക്കിയത്.