മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള നികുതിവെട്ടിപ്പ് പരാതി പരിശോധിക്കാൻ ധനവകുപ്പ്. ‘പരിശോധിക്കുക’ എന്ന കുറിപ്പോടെയാണ് മാത്യു കുഴൽനാടന്റെ പരാതി നികുതി സെക്രട്ടറിക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ കൈമാറിയത്. ജിഎസ്ടി കമ്മിഷണറേറ്റാകും പരിശോധന നടത്തുന്നത്.

ഇതോടെ ജിഎസ്ടി കമ്മീഷണറുടെ റിപ്പോർട്ടില്‍ ചാരി ധനമന്ത്രിക്ക് സുരക്ഷിതനാകാം. വീണ ഐജിഎസ്ടി അടച്ചോ എന്ന് പരിശോധിക്കണമെന്നായിരുന്നു കുഴൽനാടന്റെ പരാതി.

വിവാദ കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം.

1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക, അതായത് 30.96 ലക്ഷംരൂപ ഐജിഎസ്ടി അടയ്‌ക്കേണ്ടതാണ്. എന്നാൽ അതിന്റെ രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐജിഎസ്ടി അടച്ചിട്ടില്ല എന്നതിനർഥം ഇതു പൊളിറ്റിക്കൽ ഫണ്ടിങ്ങാണ് എന്നാണ്.

കേരളത്തിനു കിട്ടാനുള്ള ജിഎസ്ടി മുഴുവൻ പിടിച്ചെടുക്കുമെന്നു പറഞ്ഞു ധനമന്ത്രി ഇച്ഛാശക്തിയുണ്ടെങ്കിൽ പണം വീണ്ടെടുക്കുകയാണ് ചെയ്യേണ്ടതെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നു.

കർത്തായുടെ കയ്യിൽ നിന്ന് 1.72 കോടി വാങ്ങിയതിനു പുറമേ കർത്തായുടെ ഭാര്യയുടെ കയ്യിൽ നിന്നും വീണ വിജയൻ പണം വാങ്ങിയിരുന്നു. 39 ലക്ഷം രൂപയാണ് കർത്തയുടെ ഭാര്യയുടെ കയ്യിൽ നിന്ന് വാങ്ങിയത്. ലോൺ ആയാണ് ഈ തുക വീണയുടെ കമ്പനി രേഖകളിൽ കാണിച്ചിരിക്കുന്നത്. 1.72 കോടിക്ക് പുറമെ കർത്തായുടെ കയ്യിൽ 42.48 ലക്ഷവും വീണ വാങ്ങി.

കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനാണ് ഇതിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടത്. 1.72 കോടി മാസപ്പടിയല്ല എന്നായിരുന്നു സി പി എമ്മിന്റെ ക്യാപ്സൂൾ. രണ്ട് കമ്പനികൾ തമ്മിലുള്ള സേവനം ആണെന്നാണ് സി പി എം സെക്രട്ടറിയേറ്റ് ഇറക്കിയ വിശദീകരണകുറിപ്പിൽ ഉള്ളത്. സി പി എമ്മിന്റെ വിശദീകരണം പിണറായി പുത്രിയെ കൂടുതൽ കുരുക്കിൽ ആക്കിയിരിക്കുകയാണ്.

കർത്തായുടെ കേരളത്തിലെ കമ്പനിയും വീണയുടെ കർണ്ണാടകയിലെ എക്സാ ലോജിക്കും തമ്മിലുള്ള സേവനത്തിന് നികുതി അടച്ചിട്ടില്ലെന്ന സുപ്രധാന വിവരങ്ങളാണ് മാത്യു ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. ഐജി എസ് ടി യായി 18 ശതമാനം വീണ അടയ്ക്കണം.

30.96 ലക്ഷം രൂപയാണ് വീണ ഐജിഎസ്ടിയായി അടയ്ക്കേണ്ടത്.