ട്രഷറി നിയന്ത്രണം മുഖ്യമന്ത്രിക്ക് ബാധകമല്ല

തിരുവനന്തപുരം: പൗര പ്രമുഖന്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ വക ഓണസദ്യ ഈ മാസം 26ന് . നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ചാണ് ഓണ സദ്യ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായിട്ടാണ് പിണറായിയുടെ വക ഓണസദ്യ. 500 പൗര പ്രമുഖര്‍ ക്ക് ആണ് ക്ഷണം.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫുകളും പാര്‍ട്ടി നേതാക്കളും കൂടിയാകുമ്പോള്‍ 1000 പേരിലേക്ക് എണ്ണം ഉയരുമെന്നാണ് സൂചന. 10 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിയമസഭയില്‍ വച്ചാണ് പരിപാടി എന്നതുകൊണ്ട് ഹാളിന് വാടക കൊടുക്കണ്ട.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കല്‍ ഉത്തരവുകള്‍ ധനവകുപ്പില്‍ നിന്ന് തുടരെ തുടരെ ഇറങ്ങുമ്പോഴാണ് മുഖ്യമന്ത്രിയുടെ വക ഓണ സദ്യ എന്നതാണ് വിരോധാഭാസം. സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു നീങ്ങിയതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് കെ.എന്‍. ബാലഗോപാല്‍.

ദൈനംദിന ചെലവുകളുടെ ബില്ലുകള്‍ക്കുള്ള നിയന്ത്രണം 10 ലക്ഷത്തില്‍നിന്ന് 5ലക്ഷം രൂപയാക്കി. 5 ലക്ഷത്തിനു മേല്‍ തുകയുടെ പ്രധാന ബില്ലുകള്‍ പാസാകണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടണം.

ശമ്പളം, പെന്‍ഷന്‍ തുടങ്ങി അടിയന്തരവും പ്രധാനപ്പെട്ടതുമായ ചുരുക്കം ചെലവുകള്‍ ഒഴികെ എല്ലാ ബില്ലുകള്‍ക്കും നിയന്ത്രണം ബാധകമാകും. നിയന്ത്രണം ലംഘിച്ച് ബില്‍ പാസാക്കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നു ട്രഷറിക്കു ധനവകുപ്പ് മുന്നറിയിപ്പു നല്‍കി. ധനവകുപ്പിന്റെ അനുമതിക്ക് വരുന്ന ബില്ലുകള്‍ പണം ഇല്ലാത്തത് കൊണ്ട് തിരിച്ചയക്കുകയാണ്.

സാമ്പത്തികം മെച്ചപ്പെടുന്ന മുറക്ക് ഫയല്‍ സമര്‍പ്പിക്കുക എന്ന ഒറ്റവരിയില്‍ സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ തീര്‍പ്പാക്കുകയാണ്. സാമൂഹ്യ സുരക്ഷ പദ്ധതികള്‍ക്ക് പോലും പണം കണ്ടെത്താന്‍ സാധിക്കുന്നില്ല. 153.33 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ച കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് നല്‍കിയത് 9 കോടി രൂപ മാത്രം.

ആശ്വാസ കിരണം പദ്ധതിക്ക് 54 കോടി ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നയാ പൈസ കൊടുത്തിട്ടില്ല. മറ്റ് സാമുഹ്യ സുര ക്ഷ പദ്ധതികളുടെ അവസ്ഥയും തഥൈവ. ട്രഷറി നിയന്ത്രണമൊന്നും മുഖ്യമന്ത്രിയുടെ ഓണ സദ്യക്ക് ബാധകമല്ല.