സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന് (JFSL) മങ്ങിയ തുടക്കം. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വിഭജിച്ച് വിപണിയിലെത്തിയ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ആദ്യദിനം ഇടിവോടെയാണ് അവസാനിച്ചത്. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളും ഇന്‍ഡക്‌സ് ഫണ്ടുകളും വിറ്റുമാറിയതിനെ തുടര്‍ന്നാണ് ഇടിവുണ്ടായതെന്ന് വിലയിരുത്തുന്നു.

ട്രേഡ് ടു ട്രേഡ് വിഭാഗത്തില്‍ ഇന്ന് തുടക്കത്തില്‍ എന്‍.എസ്.ഇയില്‍ 262 രൂപ വരെ കുറിച്ചെങ്കിലും പിന്നീട് വില്‍പ്പനസമ്മര്‍ദ്ദത്തിന് കീഴടങ്ങുകയായിരുന്നു. വില്‍ക്കാനുള്ള ഓഹരികളുടെ എണ്ണം ഉയരുകയും ആവശ്യക്കാരുടെ എണ്ണം കുറയുകയും ചെയ്തതോടെ ഇന്ന് വാങ്ങാവുന്നതിന്റെ താഴ്ന്ന വിലനിലവാരമായ 248 രൂപ 90 പൈസയിലേക്ക് ഓഹരി വീണു.

മൂന്നര മണിക്ക് വ്യാപാരം അവസാനിക്കുമ്പോഴും നില മെച്ചപ്പെട്ടില്ല. പത്തു ദിവസത്തേക്ക് ഓഹരി ട്രേഡ് ടു ട്രേഡ് വിഭാഗത്തിലായതിനാല്‍ ഓഹരി ഡെലിവറിയെടുക്കേണ്ടതുണ്ട്. അതായത്, ഒരു ദിവസം വാങ്ങി ആ ദിവസം തന്നെ ഓഹരി വില്‍ക്കാനാവില്ല.

ലിസ്റ്റിങ്ങിനു മൂന്നു ദിവസത്തിനു ശേഷം സൂചികകളായ നിഫ്ടി50യില്‍ നിന്നും സെന്‍സെക്‌സില്‍ നിന്നും ജിയോയെ ഒഴിവാക്കും. ഇരു സൂചികകളിലുമുള്ള പ്രധാന കമ്പനിയാണ് റിലയന്‍സ്. അതില്‍ നിന്നും വിഭജിച്ചു വരുന്ന കമ്പനിയായതിനാലാണ് സാങ്കേതികമായി ജിയോ സൂചികകളില്‍ തുടരുന്നത്. വ്യാഴാഴ്ചയോടെ ജിയോയെ ഇരു സൂചികകളില്‍ നിന്നും ഒഴിവാക്കും.

ഒഴിവാക്കുമ്പോള്‍ നിഫ്ടിയിലും സെന്‍സെക്‌സിലും മാത്രം നിക്ഷേപിക്കുന്ന ഫണ്ടുകള്‍ക്ക് ജിയോയിലുള്ള ഹോള്‍ഡിങ് നിര്‍ബന്ധമായും ഒഴിവാക്കേണ്ടി വരും. പ്രൈസ് ഡിസ്‌ക്കവറി മെക്കാനിസത്തിന് ഒടുവില്‍ നിര്‍ണയിക്കപ്പെട്ട ജിയോയുടെ വിലയായ 261 രൂപ 85 പൈസയനുസരിച്ച് ഈ ഫണ്ടുകള്‍ക്ക് വിറ്റുമാറേണ്ട ജിയോ ഓഹരിയുടെ മൂല്യം ഏകദേശം 3800 കോടി രൂപയാണ്.

നിഫ്ടിയിലുള്ള ഫണ്ടുകളുടെ കൈവശമുള്ള ജിയോയുടെ 9 കോടി ഓഹരികളും സെന്‍സെക്‌സ് ഫണ്ടുകളുടെ കൈവശമുള്ള 5.5 കോടി ഓഹരികളും വിറ്റുമാറേണ്ടി വരും. ഇന്ന് എന്‍.എസ്.ഇയില്‍ ഏകദേശം ഏഴര കോടി ഓഹരികളുടെ ഇടപാടാണ് നടന്നത്.

എല്ലാ റിലയന്‍സ് ഓഹരിയുടമകളുടെയും ഡിമാറ്റ് അക്കൗണ്ടില്‍ കഴിഞ്ഞയാഴ്ച തന്നെ ജിയോയുടെ ഓഹരി ക്രെഡിറ്റ് ചെയ്തിരുന്നു. ഒരു റിലയന്‍സ് ഓഹരിക്ക് ഒരു ജിയോയുടെ ഓഹരിയാണ് ലഭിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ അമേരിക്കയിലെ ബ്‌ളാക്ക്‌റോക്കാണ് ജിയോയുടെ ബിസിനസ് പങ്കാളി. മ്യൂച്വല്‍ ഫണ്ടിലും ഇന്‍ഷുറന്‍സിലുമൊക്കെ വമ്പന്‍ മുന്നേറ്റമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ചെയര്‍മാനായിരുന്ന കെ.വി. കാമത്താണ് കമ്പനിയുടെ തലപ്പത്ത്.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആറ് കമ്പനികളില്‍ നിക്ഷേപമുള്ള ഒരു സാമ്പത്തിക സേവന കമ്പനിയാണ്: റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് (ഞകകഒഘ), റിലയന്‍സ് പേയ്മെന്റ് സൊല്യൂഷന്‍സ്, റിലയന്‍സ് റീട്ടെയില്‍ ഫിനാന്‍സ്, ജിയോ പേയ്മെന്റ് ബാങ്ക്, ജിയോ ഇന്‍ഫര്‍മേഷന്‍ അഗ്രഗേറ്റര്‍ സര്‍വീസസ്, റിലയന്‍സ് റീട്ടെയില്‍ ഇന്‍ഷുറന്‍സ് ബ്രോക്കിങ് ലിമിറ്റഡ് എന്നിവയാണ് അവ. വ്യാപാരികള്‍ക്ക് വായ്പ മൂലധനം നല്‍കുക.

ഇത് കൂടാതെ അസറ്റ് മാനേജ്മെന്റ്, ഇന്‍ഷുറന്‍സ്, ഡിജിറ്റല്‍ ബ്രോക്കിംഗ്, അടുത്ത മൂന്ന് വര്‍ഷത്തെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പേയ്മെന്റുകള്‍ എന്നിവ പോലുള്ള മറ്റ് സാമ്പത്തിക സേവനങ്ങളാണുള്ളത്.