വീണ വിജയന്റെ കമ്പനി കർണാടകയിൽ; നികുതി വെട്ടിപ്പ് അന്വേഷിക്കാൻ സംസ്ഥാന നികുതി വകുപ്പിന് അധികാരമില്ലെന്ന് ബാലഗോപാൽ; കസേര നിലനിർത്താൻ ഉഡായിപ്പുമായി മന്ത്രിമാർ
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഐജിഎസ്ടി തട്ടിപ്പിൽ നികുതി വകുപ്പ് അന്വേഷണം ഉണ്ടാകില്ലെന്ന് സൂചന. മാത്യു കുഴൽനാടൻ നൽകിയ പരാതിയിൽ എന്ത് നടപടിയെടുക്കണമെന്ന് ജി.എസ്. ടി കമ്മീഷണറുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചർച്ച നടത്തി.
ഒരു കാരണവശാലും വീണക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നടപടി ഉണ്ടാകരുതെന്ന് പാർട്ടി സെക്രട്ടറി ഗോവിന്ദൻ ബാലഗോപാലിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ജിഎസ്ടി കമ്മീഷണറുമായി ബാലഗോപാൽ ചർച്ച നടത്തിയത്.
കർത്തായുടെ കമ്പനിക്ക് സർവീസ് നൽകിയ വീണയുടെ കമ്പനിയുടെ ആസ്ഥാനം കർണാടകയിൽ ആയതിനാൽ സംസ്ഥാന ജിഎസ്ടി വകുപ്പിന് അന്വേഷിക്കാൻ സാധിക്കുകയില്ലെന്ന അഭിപ്രായമാണ് ബാലഗോപാലിന് ലഭിച്ചിരിക്കുന്നത്. അധികാര പരിധി സംസ്ഥാന ജിഎസ്ടി വകുപ്പിനില്ലെന്ന പഴുത് ഉപയോഗിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് ബാലഗോപാലിന്റെ നീക്കം.
മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതി കർണാടക ജിഎസ്ടി വകുപ്പിന് കൈമാറാം എന്നും കമ്മീഷണർ ബാലഗോപാലിനെ അറിയിച്ചു. എന്നാൽ അത് വേണ്ട എന്ന നിലപാടിലാണ് ബാലഗോപാൽ. കേന്ദ്ര ജി.എസ്.ടി വകുപ്പിനോ, കർണ്ണാടക ജി.എസ്.ടി വകുപ്പിനോ പരാതി നൽകിയാൽ മാത്രമേ വീണയുടെ നികുതി വെട്ടിപ്പ് പുറത്ത് വരുകയുള്ളൂ. നികുതിയോടൊപ്പം പിഴ കൂടി അടച്ചാൽ വീണക്ക് നികുതി വെട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും.
കർത്തായുടെ കയ്യിൽ നിന്ന് 1.72 കോടി വാങ്ങിയതിനു പുറമേ കർത്തായുടെ ഭാര്യയുടെ കയ്യിൽ നിന്നും വീണ വിജയൻ പണം വാങ്ങിയിരുന്നു. 39 ലക്ഷം രൂപയാണ് കർത്തയുടെ ഭാര്യയുടെ കയ്യിൽ നിന്ന് വാങ്ങിയത്. ലോൺ ആയാണ് ഈ തുക വീണയുടെ കമ്പനി രേഖകളിൽ കാണിച്ചിരിക്കുന്നത്. 1.72 കോടിക്ക് പുറമെ കർത്തായുടെ കയ്യിൽ 42.48 ലക്ഷവും വീണ വാങ്ങി.
കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനാണ് ഇതിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടത്. 1.72 കോടി മാസപ്പടിയല്ല എന്നായിരുന്നു സി പി എമ്മിന്റെ ക്യാപ്‌സൂൾ. രണ്ട് കമ്പനികൾ തമ്മിലുള്ള സേവനം ആണെന്നാണ് സി പി എം സെക്രട്ടറിയേറ്റ് ഇറക്കിയ വിശദീകരണകുറിപ്പിൽ ഉള്ളത്. സി പി എമ്മിന്റെ വിശദീകരണം പിണറായി പുത്രിയെ കൂടുതൽ കുരുക്കിൽ ആക്കിയിരിക്കുകയാണ്. കർത്തായുടെ കേരളത്തിലെ കമ്പനിയും വീണയുടെ കർണ്ണാടകയിലെ എക്‌സാ ലോജിക്കും തമ്മിലുള്ള സേവനത്തിന് നികുതി അടച്ചിട്ടില്ലെന്ന സുപ്രധാന വിവരങ്ങളാണ് മാത്യു ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. ഐജി എസ് ടി യായി 18 ശതമാനം വീണ അടയ്ക്കണം.
30.96 ലക്ഷം രൂപയാണ് വീണ ഐജിഎസ്ടിയായി അടയ്‌ക്കേണ്ടത്. ഇത് വീണ അടച്ചിട്ടില്ല. ധനമന്ത്രി ബാലഗോപാലിന് വീണയുടെ നികുതി വെട്ടിപ്പിനെതിരെ പരാതിയും മാത്യു നൽകി. ഇതോടെയാണ് ബാലഗോപാൽ വെട്ടിലായത്. പിണറായിയുടെ മകൾക്കെതിരെ യുള്ള പരാതി അന്വേഷിച്ചാൽ മന്ത്രി കസേര നഷ്ടപ്പെടും എന്ന ആശങ്കയിലായിരുന്നു ബാലഗോപാൽ . മന്ത്രി കസേര നിലനിർത്തുന്നതിനു വേണ്ടിയാണ് വീണയുടെ നികുതി വെട്ടിപ്പ് തന്റെ കീഴിലുള്ള ജി.എസ്.ടി വകുപ്പ് അന്വേഷിക്കില്ലെന്ന നിലപാട് ബാലഗോപാൽ സ്വീകരിക്കുന്നതും.