
കൃഷ്ണഗിരി: തമിഴ്‌നാട്ടില്‍ അമ്മ മരണപ്പെട്ട കുട്ടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍. ആദിവാസി വിഭാഗത്തില്‍ പെട്ട കുട്ടിയുടെ അമ്മ ശൈശവ വിവാഹത്തിന് ഇരയായിരുന്നു. പ്രസവത്തോടെ വെറും 14 വയസുള്ള അമ്മ മരണപ്പെട്ടിരുന്നു. അമ്മയില്ലാതായ പെണ്‍കുഞ്ഞിനെ സ്പോണ്‍സര്‍ഷിപ്പ് പ്രോഗ്രാമില്‍ ചേര്‍ക്കാനാണ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് പദ്ധതിയിടുന്നത്. കുട്ടിക്ക് 18 വയസ്സ് തികയുന്നതുവരെ പ്രതിമാസം 4,000 രൂപ ഈ പദ്ധതിയിലൂടെ ലഭിക്കും. ഒക്ടോബര്‍ മൂന്നിനാണ് കുട്ടിയെ ശിശു സംരക്ഷണ വകുപ്പ് ഏറ്റെടുത്തത്. കേളമംഗലം ബ്ലോക്കിലെ ബിദിരെട്ടിക്ക് സമീപമാണ് കുട്ടിയുടെ അമ്മ താമസിച്ചിരുന്നത്.
കുട്ടിയെ പ്രസവിച്ച ശേഷമാണ് അമ്മയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലായെന്നും ശൈശവ വിവാഹം കഴിച്ചതാണെന്നും അധികൃതര്‍ക്ക് മനസിലാകുന്നത്. ഇതേത്തുടര്‍ന്ന് കൃഷ്ണഗിരി ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ഡി ശരവണന്‍, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ ആര്‍ ശക്തി സുഭാഷിണി എന്നിവര്‍ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചു. കേളമംഗലം പോലീസും അന്വേഷിച്ചു. മാതാവിന്റെ മരണശേഷം അവരുടെ പെണ്‍കുഞ്ഞിനെ മിഷന്‍ വാത്സല്യ സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാമിന് കീഴില്‍ ചേര്‍ക്കുമെന്ന് ശരവണന്‍ പറഞ്ഞു.
ബിദിരെട്ടി, ജക്കേരി പഞ്ചായത്തുകളില്‍ ശൈശവ വിവാഹ വിരുദ്ധ ബോധവത്കരണ പരിപാടികള്‍ നടത്തും. രണ്ട് പഞ്ചായത്തുകളിലെയും വില്ലേജ് ലെവല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ (വിഎല്‍സിപിസി) പ്രവര്‍ത്തനത്തെക്കുറിച്ച് ശിശുസംരക്ഷണ യൂണിറ്റ് അന്വേഷിക്കും. ശൈശവ വിവാഹത്തിനെതിരെ കുട്ടിയുടെ പിതാവിനെതിരെ കേസെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ശക്തി സുഭാഷിണി മാധ്യമങ്ങളോട് വ്യക്തമാക്കി.