
ജോലിസമയം വർദ്ധിപ്പിക്കരുതെന്ന് എ.എ. റഹീം
ന്യൂഡൽഹി: തൊഴിലാളികളുടെ ജോലിസമയം ക്രമാതീതമായി വർദ്ധിപ്പിക്കരുതെന്ന് എ.എ. റഹീം രാജ്യസഭയിൽ ആവശ്യപ്പെട്ടു. ജോലിസമയത്തിനുശേഷം തൊഴിലുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാതിരിക്കാനുള്ള അലകാശത്തിനായി റൈറ്റ് ടു ഡിസ്‌കണക്റ്റ് (Right to Disconnect) നിയമനിർമാണം രാജ്യത്ത് ഉറപ്പാക്കണമെന്നും അത് പുതിയതലമുറയുടെ അവകാശമാണെന്നും റഹീം ശൂന്യവേളയിൽ പറഞ്ഞു.
സ്വകാര്യവത്കരണവും കരാർവത്കരണവും പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. ലോകത്തിൽ തന്നെ ഏറ്റവും തൊഴിൽസമയമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും റഹീം പറഞ്ഞു.
അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ 51 ശതമാനം തൊഴിലാളികളും ആഴ്ചയിൽ 49 മണിക്കൂറിലധികം ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ തൊഴിൽ സമയമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ILO- WHO സംയുക്തമായി നടത്തിയ പഠനം അധിക ജോലി സമയം കാരണമുള്ള മരണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ ചൂണ്ടിക്കാണിക്കുന്നു.
ഏണസ്റ് & യങ് കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന അന്നാ സെബാസ്റ്റ്യൻ എന്ന യുവതിയെ നമ്മൾ മറന്നിട്ടില്ല. അവരെപ്പോലെ ജോലി സംബന്ധമായ മാനസിക പ്രശ്നങ്ങൾ കാരണം നിരവധി യുവജനങ്ങളാണ് മരിക്കാൻ ഇടയാകുന്നത്. രാജ്യത്തെ 25 വയസ്സിനു താഴെയുള്ള 90% കോർപ്പറേറ്റ് തൊഴിലാളികളും ആങ്സൈറ്റി മൂലം ബുദ്ധിമുട്ടുന്നതായി കണക്കുകൾ പറയുന്നു.
ഇത്തരമൊരു പശ്ചാത്തലത്തിൽ സാമ്പത്തിക സർവ്വേ നിർദ്ദേശിക്കുന്നത് ജോലിസമയം ക്വാർട്ടറിൽ 144 മണിക്കൂറായി കൂട്ടാനാണ്. തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കും എന്നാണ് ഇതിൻ്റെ ന്യായീകരണം. ഇത് ഒരിക്കലും ശാസ്ത്രീയമായ മാർഗ്ഗമല്ല തികച്ചും ചൂഷണ സ്വഭാവമുള്ളതും ആധുനിക അടിമത്തത്തിന് വഴിവയ്ക്കുന്നതുമാണ്. ഇത് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഉടൻ തന്നെ നിയമനിർമ്മാണം കൊണ്ടുവരണമെന്നും റൈറ്റ് ടു ഡിസ്കണക്ട് ഒരു ഔദാര്യമല്ല അത് പുതിയതലമുറയുടെ അവകാശമാണെന്നും ശൂന്യവേളയിൽ എ എ റഹീം എംപി അഭിപ്രായപ്പെട്ടു.