BusinessNationalNews

ആന്ധ്രയിൽ വീണ്ടും നിക്ഷേപത്തിന് ഒരുങ്ങി ലുലു ഗ്രൂപ്പ്‌

ആന്ധ്രയിൽ വീണ്ടും നിക്ഷേപത്തിന് ഒരുങ്ങി ലുലു ഗ്രൂപ്പ്‌. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആരംഭിക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലിയും ചേർന്ന നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. മുൻ പാർട്ടിയായ ടി ഡി പി സർക്കാർ ലുലുവിനെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തിരുന്നു എങ്കിലും ജഗൻ മോഹന്റെ നേതൃത്വത്തിൽ അധികാരത്തിൽ എത്തിയ വൈ എസ് ആർ കോൺഗ്രസ് സർക്കാർ ഈ നീക്കം പ്രോത്സാഹിപ്പിച്ചിരുന്നില്ല. മാത്രമല്ല ടി ഡി പി സർക്കാർ ലുലുവിന് അനുവദിച്ച ഭൂമി ജഗൻ റദ്ദാക്കുകയും ചെയ്തിരുന്നു.

ഇതോടെ ഇനി ഒരിക്കലും സംസ്ഥാനത്ത് നിക്ഷേപം നടത്തില്ലെന്നും ലുലു ഗ്രൂപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ലുലു ഗ്രൂപ്പ് തീരുമാനം പുനപരിശോധിച്ചത്. ചന്ദ്രബാബു നായിഡു പച്ചക്കൊടി കാട്ടിയതോടെ സംസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ലുലു ഗ്രൂപ്പ് ഒരുങ്ങുകയാണ്. വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി, എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികൾ ഒരുങ്ങുന്നത്. ആന്ധ്രാപ്രദേശിലെ ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിൽ നിക്ഷേപം നടത്താനും ലുലു ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആന്ധ്രയിൽ വീണ്ടും നിക്ഷേപം നടത്താനുള്ള ലുലു ഗ്രൂപ്പിന്റെ താൽപര്യത്തിൽ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ലുലു ഗ്രൂപ്പ് പോലുള്ള കമ്പനികളുടെ വരവോടെ, സംസ്ഥാനത്ത് നിക്ഷേപം നടത്താൻ മറ്റുള്ളവരും താൽപ്പര്യപ്പെടുമെന്നും ഇത് ആന്ധ്രാപ്രദേശിന് ഗുണം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. ചന്ദ്ര ബാബു നായിഡുവുമായി 18 വർഷത്തെ സ്നേഹബന്ധമാണ് തനിക്കുള്ളതെന്നും യൂസഫ് അലി കൂട്ടിച്ചേർത്തു.

8 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവും ഏകദേശം 70000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ കമ്പനിയാണ് ലുലു ഗ്രൂപ്പ്. ആന്ധ്രയിൽ വരുന്നത്തോടെ നിരവധി പേർക്ക് തൊഴിൽ അവസരങ്ങളും ലഭിക്കുന്നു. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഇറക്കുമതി, വിതരണങ്ങള്‍, വ്യാപാരം, ഷിപ്പിംഗ്, തുടങ്ങിയവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. യൂറോപ്പ്, ഓസ്‌ട്രേലിയ, യുഎസ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ വിതരണ ശൃംഖലകളുമുണ്ട്. ഇന്ത്യയില്‍ ബെംഗളൂരു, കൊച്ചി, തിരുവനന്തപുരം, ലഖ്‌നൗ, കോയമ്പത്തൂര്‍, പാലക്കാട്, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ലുലുവിന്റെ മാളുകളുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *