InternationalNews

ലങ്കൻ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ തുടരും; പുതിയ മന്ത്രിസഭ ഇന്ന്

ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യയെ പ്രസിഡന്റ് അനുര കുമാര ദിസനായകെ വീണ്ടും നിയമിച്ചു. പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ 225 അംഗ പാർലമെന്റിൽ ഇടതു സഖ്യത്തിന് 159 സീറ്റുകൾ ലഭിച്ച ദിസനായകെ, വിദേശകാര്യ മന്ത്രാലയത്തിന് ചുക്കാൻ പിടിക്കാൻ മുതിർന്ന നിയമസഭാംഗമായ വിജിത ഹെറാത്തിനെയും വീണ്ടും നിയമിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി പദത്തിന് പുറമേ, വിദ്യാഭ്യാസ വകുപ്പും ഹരിണി ഏറ്റെടുക്കും. പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രതിരോധ മന്ത്രാലയത്തോടൊപ്പം ധനം, സാമ്പത്തികം, സുസ്ഥിരത എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതല കൂടി ഏറ്റെടുക്കും.

ജെവിപി നേതാവ് കെഡി ലാൽകാന്തയ്ക്കായിരിക്കും കൃഷി മന്ത്രാലയത്തിന്റെ ചുമതല. ഡോ. നളിന്ദ ജയതിസ്സയെ ആരോഗ്യ-മാസ് മീഡിയ മന്ത്രിയായി നിയമിക്കുമെന്നാണ് കരുതുന്നത്. വസന്ത സമരസിംഗ വാണിജ്യ മന്ത്രിയായും സാമന്ത വിദ്യാരത്‌ന പ്ലാന്റേഷൻ വ്യവസായ മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും എന്നാണ് ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

25 ൽ താഴെ മന്ത്രിമാരായിരിക്കും മന്ത്രിസഭയിൽ ഉണ്ടായിരിക്കുക. 22 മന്ത്രിമാരായിരിക്കും 24 വകുപ്പുകൾ കൈകാര്യം ചെയ്യുക. ഇതനുസരിച്ച് ഡെപ്യൂട്ടി മന്ത്രിമാരെയും നിയമിക്കും. മന്ത്രിമാരും സഹമന്ത്രിമാരും ഇന്ന് വൈകീട്ടോടെ പ്രസിഡന്റ് ദിസനായകെക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുക. ശ്രീലങ്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി അമരസൂര്യ.

കൊളംബോയിൽ 6,55,289 ഭൂരിപക്ഷം നേടിയാണ് ഹരിണി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഡൽഹി ഹിന്ദു കോളേജിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദവും സ്‌കോട്ട്‌ലാന്റിലെ എഡിൻബറോ സർവകലാശാലയിൽ നിന്നാണ് പിഎച്ച്ഡി ബിരുദവും കരസ്ഥമാക്കിയ നേതാവാണ്. അധ്യാപക സംഘടനാ നേതാവായും എഴുത്തുകാരിയായും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു.

ശ്രീലങ്കയുടെ പതിനേഴാമത് പ്രധാനമന്ത്രിയാണ് ഹരിണി അമരസൂര്യ. അധ്യാപികയും സാമൂഹ്യപ്രവർത്തകയുമായ ഹരിണി സിരിമാവോ ബന്ദർനായികെയ്ക്കും ചന്ദ്രിക കുമാർതുംഗയ്ക്കും ശേഷം പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന വനിതയാണ്. ശ്രീലങ്കയിൽ അനുരകുമാര ദിസനായകെ പ്രസിഡന്റായി ചുമതലയേറ്റതിനെ തുടർന്ന് ഹരിണിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *