Loksabha Election 2024

ഹൈബി ഈഡനെ നേരിടാന്‍ കെ.ജെ. ഷൈന്‍; സി.പി.എമ്മിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയില്‍ പാര്‍ട്ടിയുടെ പ്രതീക്ഷ ചെറുതല്ല

എറണാകുളത്തിന്റെ പള്‍സറിയുന്ന ഹൈബി ഈഡനെ നേരിടാന്‍ ഇടതുപക്ഷം ഇത്തവണ രംഗത്തിറക്കുന്നത് ഒരു സര്‍പ്രൈസ് വനിതാ സ്ഥാനാര്‍ത്ഥിയെ, പറവൂര്‍ നഗരസഭാ കൗണ്‍സിലറും, കെഎസ്ടിഎ നേതാവുമായ കെജെ ഷൈന്‍. അതായത് ഹൈബിക്കൊരു എതിരാളിയെ സിപിഎം രംഗത്തിറക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തട്ടകത്തുനിന്ന്.

യു.ഡി.എഫിന്റെ അടിയുറച്ച കോട്ടയായ എറണാകുളത്ത് ഹൈബി ഈഡന്‍ കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത് നിലവിലെ വ്യവസായ മന്ത്രി പി. രാജീവിനെയായിരുന്നു. റെക്കോര്‍ഡ് തോല്‍വിയാണ് ഇടതുപക്ഷം നേരിട്ടത്. 1,69,153 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഹൈബിയുടെ വിജയം.

ആകെ പോള്‍ ചെയ്ത വോട്ടില്‍ 4,91,263 വോട്ടുകള്‍ ഹൈബി സ്വന്തമാക്കി. അതായത് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 50.79 ശതമാനവും ഹൈബിക്കായിരുന്നു. രാജീവിന് ആകെ ലഭിച്ചത് 3,22,110 വോട്ടാണ്. 33.3 ശതമാനം വരും ഇത്. ബിജെപിയുടെ അല്‍ഫോണ്‍സ് കണ്ണന്താനം മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ എറണാകുളത്തുനിന്ന് ഇടംപിടിക്കുമെന്ന് ചര്‍ച്ചയില്‍ വന്ന പേരുകളെയെല്ലാം അപ്രസക്തമാക്കിയാണ് സിപിഎം കെ.ജെ. ഷൈനിന്റെ പേര് ഉയര്‍ത്തിയിരിക്കുന്നത്. സംഘടനയിലും എറണാകുളം ജില്ലയ്ക്കു പുറത്തും വലിയ പ്രശസ്തയല്ലെങ്കിലും തന്റെ തട്ടകമായ വടക്കന്‍ പറവൂര്‍ മേഖലയില്‍ പാര്‍ട്ടിയുടെ സജീവ സാന്നിധ്യവും മികച്ച പ്രാസംഗികയുമാണ് 53 വയസ്സുകാരിയായ കെ.ജെ.ഷൈന്‍.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ തട്ടകത്തില്‍നിന്നു തന്നെയാണ് സിപിഎം സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചത്. കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള വൈപ്പിന്‍ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ യുപി വിഭാഗം അധ്യാപികയായ ഷൈന്‍ ഇപ്പോള്‍ ഡപ്യൂട്ടേഷനില്‍ സമഗ്ര ശിക്ഷ കേരളയില്‍ (എസ്എസ്‌കെ) ട്രെയിനറായി ജോലിചെയ്യുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിയായി, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന കെ.ജെ.ഷൈന്റെ സ്ഥാനാര്‍ഥിത്വം സമുദായ സമവാക്യങ്ങളും കണക്കിലെടുത്താണ്.

സിപിഎം പറവൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായ ഷൈന്‍, കോട്ടപ്പുറം രൂപതയിലെ കെ.സ.ിഎസ്.എല്‍, കെ.സി.വൈ.എം സംഘടനാ പ്രവര്‍ത്തകയുമായിരുന്നു. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റു കൂടിയായ ഷൈന്‍ നിലവില്‍ കെ.എസ്.ടി.എയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്.

പറവൂര്‍ നഗരസഭയില്‍ തുടര്‍ച്ചയായി 3 വട്ടം വിജയിച്ചിട്ടുണ്ട് എന്നതും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയായി തുടരുന്നതും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായകമായി. ഗോതുരുത്ത് കോണത്ത് പരേതനായ ജോസഫിന്റെയും മേരിയുടെയും മകളാണ്. റിട്ട. സീനിയര്‍ സൂപ്രണ്ട് കൂനമ്മാവ് വാഴപ്പിള്ളി ഡൈന്യൂസ് തോമസാണു ഭര്‍ത്താവ്. എച്ച്ഡിഎഫ്‌സി ബാങ്ക് പച്ചാളം ശാഖയില്‍ അസി. മാനേജരായ ആരോമല്‍, എംബിബിഎസ് വിദ്യാര്‍ഥി അലന്‍, ആലുവ സെന്റ് സേവ്യേഴ്‌സ് കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി ആമി ഷൈന്‍ എന്നിവരാണ് മക്കള്‍.

നേരത്തേ, മുന്‍ എം.പി കെ.വി.തോമസിന്റെ പേരുള്‍പ്പെടെ സിപിഎം പരിഗണിക്കുന്നവരുടേതായി പുറത്തു വന്നിരുന്നു. കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്കു പുറത്തുനിന്ന് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്ന രീതിയാണ് സിപിഎം നടത്തിയിരുന്നത് എങ്കില്‍ ഇത്തവണ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ സ്ഥാനാര്‍ഥിയായി. വടകരയില്‍ കെ.കെ.ശൈലജയ്ക്കു പുറമെ സംസ്ഥാനത്തു മറ്റൊരു വനിതാ സ്ഥാനാര്‍ഥിയെ കൂടി മത്സരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിലവിലെ എംപി ഹൈബി ഈഡന്‍ വരും. ബിജെപി സ്ഥാനാര്‍ഥി കൂടി എത്തുന്നതോടെ എറണാകുളത്തെ മത്സരം കൊഴുക്കും. ബിജെപിയും വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണു സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *