NationalNews

അരവിന്ദ് കെജരിവാള്‍ പുറത്തിറങ്ങി! ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണമെന്ന് ആഹ്വാനം

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങി. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലായിരുന്നു ദില്ലി മുഖ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നത്.

പുറത്തിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജയിലിന് മുന്നില്‍ തടിച്ച് കൂടിയ എഎപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഏകാധിപത്യം തകര്‍ത്ത് തിരികെ എത്തിയെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. നാളെ ഒരു മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്നും കെജരിവാള്‍ പറഞ്ഞു.

”ദൈവാനുഗ്രഹം എന്നോടൊപ്പമുണ്ട്. ഉടന്‍ പുറത്തിറങ്ങുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരും. ഏകാധിപത്യം തകര്‍ത്ത് ഞാന്‍ തിരികെ എത്തിയിരിക്കുന്നു. പിന്തുണക്കുന്നവരെ കാണുന്നതില്‍ സന്തോഷമുണ്ട്. അവരോട് നന്ദിയുണ്ട്. ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം എനിക്കുണ്ട്. ഉന്നത കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും നന്ദി. ‘എനിക്ക് എല്ലാവരോടും നന്ദി പറയണം… നിങ്ങള്‍ എനിക്ക് നിങ്ങളുടെ അനുഗ്രഹം തന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാരോട് എനിക്ക് നന്ദി പറയണം, അവര്‍ കാരണമാണ് ഞാന്‍ നിങ്ങളുടെ മുന്നിലുള്ളത്. നമുക്ക് രാജ്യത്തെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് രക്ഷിക്കണം…”

തെരഞ്ഞെടുപ്പില്‍ സ്വേച്ഛാധിപത്യത്തിനെതിരായി രാജ്യത്തെ രക്ഷിക്കണമെന്നും അദ്ദേഹം വോട്ടര്‍മാരോട് പറഞ്ഞു. തന്റെ മോചനത്തിന് കാരണം ഹനുമാന്‍ പ്രഭുവാണെന്നും ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ചിന്റെ വിധി. ജൂണ്‍ ഒന്നുവരെയാണ് കെജരിവാളിനു ജാമ്യം അനുവദിച്ചത്.മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന കള്ളപ്പണക്കേസില്‍ മാര്‍ച്ച് 21നാണ് കെജരിവാളിനെ അറസ്്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ കഴിയുന്ന കെജരിവാളിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ കഴിഞ്ഞിട്ടില്ല. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്താണ് കെജരിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജൂണ്‍ 1 വരെയാണ് കെജരിവാളിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ രണ്ടിനകം അദ്ദേഹം തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *