കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തുന്ന വ്യാജ പ്രചാരണം: 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; രാജീവ് ചന്ദ്രശേഖറും, സുജയ പാര്‍വ്വതിയും ഷാജന്‍ സ്‌കറിയയും പ്രതികള്‍

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒക്ടോബര്‍ 29ന് സംഭവിച്ച സ്‌ഫോടനത്തെ തുടര്‍ന്ന് ഒരാള്‍ സംഭവ സ്ഥലത്തും ഏഴുപേര്‍ ചികിത്സയിലിരിക്കെയും മരണപ്പെട്ട സംഭവത്തില്‍ കളമശ്ശേരി പോലീസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍ 2421/2023 നമ്പറില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹ്യ മാധ്യമങ്ങള്‍ വഴി ബോധപൂര്‍വ്വം വ്യാജപ്രചാരണങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 53 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വ്യാജപ്രചരണം നടത്തിയ 69 സോഷ്യല്‍ മീഡിയ ലിങ്കുകള്‍ നീക്കം ചെയ്തുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, റിപ്പോര്‍ട്ടര്‍ ചാനല്‍, മാധ്യമപ്രവര്‍ത്തക സുജയ പാര്‍വ്വതി, മറുനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ, ജനം ടി.വിയിലെ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍, കര്‍മ ന്യൂസ്, സന്ദീപ് ജി വാര്യര്‍, ലസിത പാലക്കല്‍, സെബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.

അതേസമയം, കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ തെറ്റിദ്ധാരണജനകമായ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസ് ഒന്നും എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിയമസഭാ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നത്. ഇതുസംബന്ധിച്ച് എം.വി. ഗോവിന്ദന്‍, മുന്‍ സെബാസ്റ്റിയന്‍ പോള്‍, ബിജെപി നേതാവ് സന്ദീപ് വാര്യര്‍, റിവ തോളൂര്‍ ഫിലിപ്പ് എന്നിവര്‍ക്കെതിരെ കെ.പി.സി.സി പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ സന്ദീപ് വാര്യര്‍ക്കെതിരെ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സിപിഎം എംഎല്‍എമാരായ എം. നൗഷാദ്, കെ.എന്‍. ഉണ്ണികൃഷ്ണന്‍, പി.വി അന്‍വര്‍, കെ.വി സുമേഷ് എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments