ഒരു കോടി രൂപയുമായി ബിജെപി നേതാവ് പിടിയിൽ

പ്രസാദ് സി. നായർ

പാലക്കാട്‌: വാളയാറിൽ കണക്കില്‍പെടാത്ത ഒരു കോടി രൂപയുമായി ബിജെപി നേതാവ് പിടിയിൽ. കിഴക്കഞ്ചേരി സ്വദേശിയും ബിജെപി നേതാവും സമാജസേവാസംഘം പ്രസിഡന്റുമായ പ്രസാദ് സി. നായരാണ് പിടിയിലായത്. ഇദ്ദേഹത്തിന്റെ ഡ്രൈവർ പ്രശാന്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരുവില്‍നിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തോടെ വാളയാർ പൊലീസിന്റെയും ജില്ലാ പൊലീസ് മേധാവിക്കു കീഴിലുള്ള ഡാൻസാഫ് സ്ക്വാഡിന്റെയും നേതൃത്വത്തില്‍ ദേശീയപാത കേന്ദ്രീകരിച്ചുള്ള വാഹന പരിശോധനക്കിടെ വാളയാർ ടോള്‍ പ്ലാസയില്‍നിന്നാണ് പണം പിടികൂടിയത്. സംഭവത്തില്‍ പ്രസാദ് നായർക്കെതിരെ കേസെടുത്ത് ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. രേഖകളൊന്നും ഇവർക്ക് ഹാജരാക്കാനായില്ലെന്നും പണം കോടതിക്ക് കൈമാറുമെന്നും വാളയാർ പൊലീസ് പറഞ്ഞു.

പണം പിടികൂടിയതിന് പിന്നാലെ പ്രസാദിന്‍റെ കിഴക്കഞ്ചേരിയിലെ വീട്ടില്‍ വടക്കഞ്ചേരി പൊലീസും പരിശോധന നടത്തി. കാറിന്റെ ഡിക്കിക്കുള്ളില്‍ വീട്ടുസാമഗ്രികള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. സ്ഥലം വിറ്റുകിട്ടിയ പണമാണെന്നാണു മൊഴിയെങ്കിലും പിടികൂടിയ പണം കുഴല്‍പണമാണോ എന്ന സംശയത്തിലാണ് പൊലീസ്. പണം കോടതിയില്‍ ഹാജരാക്കുമെന്ന് വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments