തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. മുന്‍ എംപിയും ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസറുദീനെയും ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ജൂബിലി ഹില്‍സില്‍ നിന്നാണ് അസറുദീന്‍ മത്സരിക്കുക.
എല്‍ ബി നഗറില്‍ നിന്ന് മുന്‍ എംപി മധു യസ്കിയും മുനുഗോഡെയില്‍ നിന്നും കൊമ്മട്ടി റെഡ്ഢി രാജഗോപാല്‍ റെഡ്ഢിയും ജനവിധി തേടും. ഇദ്ദേഹം നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷം തികയും മുന്‍പ് തന്നെ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി.
വിപ്ലവ കവിയായ ഗദ്ദറിന്റെ മകള്‍ ജി.വി വെണ്ണില സെക്കന്തരാബാദ് കന്റോണ്മെന്റില് നിന്ന് മത്സരിക്കും. ഖൈരതാബാദില്‍ പി. വിജയ റെഡ്ഢി, വനപര്‍തിയില്‍ ജി. ചിന്ന റെഡ്ഢി എന്നിവരും ജനവിധി തേടുന്നുണ്ട്.
ആകെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് മത്സരം നടക്കുന്നത്. ഈ മാസം 15നാണ് 55 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയുടെ അന്തിമരൂപം തീരുമാനിച്ചത്.
യോഗത്തിൽ സോണിയ ഗാന്ധി, കമ്മിറ്റി അംഗങ്ങൾ, പിസിസി അധ്യക്ഷൻ എ രേവന്ത് റെഡ്ഡി ഉൾപ്പെടെയുള്ള തെലങ്കാനയിലെ പ്രമുഖ നേതാക്കളും പങ്കെടുത്തു.