2021ലെ അപ്രതീക്ഷിത തിരിച്ചടിയുടെ ആഘാതത്തിൽ നിന്ന് കരകയറുകയാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയും പ്രതിപക്ഷവും. ക്രൈസ്തവ – മുസ്ലീം വിഭാഗങ്ങൾ ഒരേ പോലെ കോൺഗ്രസിനെ കൈവിട്ട തെരഞ്ഞെടുപ്പായിരുന്നു 2021 ലേത്.
അതിന്റെ കൈപിടച്ചായിരുന്നു എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ എത്തിയത്. ഒപ്പം കോൺഗ്രസ് മുക്ത ഭാരതം ഉറപ്പാക്കാൻ ബി.ജെ.പി വോട്ടുകൾ സി.പിഎമ്മിലേക്ക് ഒഴുകിയതും തിരിച്ചടി ആയി. പിണറായിക്ക് എതിരാളി ആയി തലപ്പത്ത് വിശ്വാസ്യത ഉള്ള നേതാവ് ഇല്ലാതെ പോയതും കോൺഗ്രസ് തോൽവിയുടെ ആഴം വർദ്ധിപ്പിച്ചു.
തോൽവിയുടെ ആഘാതത്തിൽ പകച്ച അണികളെ ഉത്തേജിപ്പിക്കാനുള്ള ചുമതല വി.ഡി. സതീശനേയും കെ. സുധാകരനേയും ഹൈക്കമാന്റ് ഏൽപ്പിച്ചു. പിന്നീട് നടന്നത് ചരിത്രം.
നിയമസഭ, തദ്ദേശ ഉപതെരഞ്ഞെടുപ്പുകൾ കോൺഗ്രസ് ജയിച്ചു കയറി. പലതിലും മിന്നുന്ന ജയം നേടി. ലോകസഭയിൽ സി പി എം വീണ്ടും കനൽ ഒരു തരിയായി അവശേഷിപ്പിക്കാനും കോൺഗ്രസിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് വിജയങ്ങൾ ഒരു ദിനം കൊണ്ട് ഉണ്ടാകുന്നതല്ല. കൃത്യമായ ഹോം വർക്കും സോഷ്യൽ എഞ്ചിനീയറിംഗും തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമാണ്.
അകന്ന് നിന്ന ക്രൈസ്തവ – മുസ്ലീം വിഭാഗങ്ങളെ യു.ഡി.എഫിലേക്ക് അടുപ്പിക്കാൻ വി.ഡി. സതീശനും സംഘത്തിനും കഴിഞ്ഞത് പ്രധാന നേട്ടമായി. മകൾ വീണ വിജയൻ മാസപ്പടി കേസിൽ അകപ്പെട്ടതോടെ മകളെ രക്ഷിക്കാൻ പിണറായി ബി.ജെ.പിയോട് അമിത പ്രീണനം നടത്തിയത് മുസ്ലിം വിഭാഗങ്ങളുടെ വിരോധത്തിന് കാരണമായി.
ആർഎസ്എസ് വിധേയത്വത്തോടെയുള്ള പിണറായിയുടെ പോലിസ് ഭരണം ഇതിന് ആക്കം കൂട്ടി. എൽ.ഡി.എഫിന് വോട്ട് ചെയ്ത ഈഴവ വിഭാഗ വോട്ടുകൾ ഇതേ അവസരത്തിൽ ബി.ജെ.പിയിലേക്കും ഒഴുകി.
ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ഇടയിൽ വി.ഡി സതീശൻ ഒരു പാലമായി പ്രവർത്തിച്ചു. കഴിഞ്ഞ വർഷം 52 ഓളം ക്രൈസ്തവ പരിപാടികളിൽ സതീശൻ മുഖ്യാതിഥിയായി. ബൈബിളിലുള്ള സതീശന്റെ ആഴത്തിലുള്ള അറിവ് ഇതിന് സഹായിച്ചുവെന്നത് മറ്റൊരു കാര്യം. സതീശന്റെ ബൈബിൾ പ്രഭാഷണങ്ങൾ വൈറലായി. എല്ലാ ക്രൈസ്തവ വിഭാഗങ്ങളും സതീശനുമായി അടുത്തു.
സീറോ മലബാർ സഭയുടെ കേരളത്തിലെ ഏറ്റവും വലിയതും പുരാതനവുമായ ചങ്ങനാശേരി അതിരൂപതയുടെ രണ്ട് പ്രധാന ബിഷപ്പുമാരുടെ സ്ഥാനാരോഹണ ചടങ്ങിൽ 25 ദിവസത്തിനിടയിൽ രണ്ട് തവണ മുഖ്യാതിഥിയായി സതീശനെ പങ്കെടുപ്പിച്ചു.
ഈ മാസം 16 ന് കാഞ്ഞിരപള്ളി രൂപതയുടെ സാമൂഹ്യ സേവന വിഭാഗത്തിന്റെ പരിപാടിയിലെ മുഖ്യാതിഥിയും സതീശനും ആയിരുന്നു. നവംബർ മാസം സർക്കാർ വിജ്ഞാപനം ചെയ്ത കുപ്രസിദ്ധമായ വനം കരട് ബില്ലിനെതിരെ സതീശൻ വേദിയിൽ ആഞ്ഞടിച്ചു. ബിഷപ്പുമാരുടെ ആശീർവാദത്തോടെ വനം കരട് ബില്ലിനെതിരെ ആഞ്ഞടിച്ച സതീശൻ പിറ്റേ ദിവസം നടന്ന യു.ഡി.എഫ് യോഗത്തിലും ഈ വിഷയം ഉന്നയിച്ച് സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ചു.
കഴിഞ്ഞ ഞായറാഴ്ച നടന്ന കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ യോഗത്തിന് സിപിഎം പ്രതിനിധികളെ ക്ഷണിക്കാതിരുന്നതും സർക്കാരിന് തിരിച്ചടി ആയി. വി.ഡി സതീശൻ ആയിരുന്നു ഇവിടെയും മുഖ്യാതിഥി. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് നെറ്റോയും സതീശനും തമ്മിലുള്ള അടുപ്പം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.വിഴിഞ്ഞത്തിന്റെ പേരിൽ രാജ്യദ്രോഹി പട്ടം ചാർത്തി സർക്കാർ ലത്തീൻ രൂപത ക്കെതിരെ നില കൊണ്ടപ്പോൾ അവർക്ക് തുറന്ന പിന്തുണ നൽകിയത് വി.ഡി സതീശൻ ആയിരുന്നു. തീരദേശ വിഷയങ്ങൾ നിയമസഭയിൽ പല തവണ അടിയന്തര പ്രമേയം ആയി കൊണ്ട് വന്ന് മൽസ്യ തൊഴിലാളികൾക്ക് വേണ്ടി സതീശൻ നിരന്തരം വാദിച്ചു.
20 ന് പത്തനംതിട്ട വൈ.എം.സി.എയുടേയും തിരുവല്ലയിൽ ഇന്ത്യൻ പെന്തക്കോസ്ത് സഭയുടേയും പരിപാടികൾക്കു പുറമെ
ജനുവരി 4 ന് പുതുപ്പള്ളിയിൽ നടക്കുന്ന ഓർത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസന കൺവെൻഷനിലേയും മുഖ്യാതിഥി പ്രതിപക്ഷ നേതാവാണ്.
അതുപോലെ മുസ്ലീം ലീഗിന്റേയും വിവിധ മുസ്ലീം സംഘടനകളുടേയും നിരവധി പരിപാടികളിൽ പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം കണ്ണൂരിലെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ട ഉദ്ഘാടനം ചെയ്തതും സതീശൻ ആയിരുന്നു.
സതീശന്റെ നിയമസഭയ്ക്കുള്ളിലെ പ്രകടനങ്ങൾ ഗംഭീരമെന്ന് എതിരാളികൾ പോലും സമ്മതിക്കുന്നുണ്ട്. അതിലുപരി ബി.ജെ.പി യെ നേർക്കുനേർ എതിർക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മടിച്ചു നിന്ന സംസ്‌കാരം സതീശൻ തിരുത്തി.
ബി.ജെ.പി-സി.പി.എം ബന്ധത്തിന്റെ അന്തർധാരകൾ വെളിച്ചത്തുകൊണ്ടുവരാൻ സതീശൻ നിരന്തരം ധൈര്യം കാണിക്കാറുണ്ട്. എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, വടക്കേ ഇന്ത്യയിലെ ക്രിസ്ത്യൻ വേട്ട ഇതിനെക്കുറിച്ചൊക്കെ ആർജ്ജവത്തോടെ സംസാരിക്കാൻ സതീശന് കഴിഞ്ഞിട്ടുണ്ട്. ഗോൾവാൽക്കറിനെതിരെ സംസാരിച്ചു എന്ന പേരിൽ കണ്ണൂർ കോടതിയിൽ ആർ.എസ്.എസ് സതീശനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്. അടുത്ത കാലത്തൊന്നും കേരളത്തിലെ ഒരു കോൺഗ്രസ് നേതാവിനെതിരെയും ആർ.എസ്.എസ് കേസ് കൊടുത്തിട്ടില്ലെന്നിടത്താണ് ഇതിന്റെ ഗൗരവം ശ്രദ്ധേയമാകുന്നത്.
വിഴിഞ്ഞം സമരകാലത്ത് ലത്തീൻ സഭക്കൊപ്പം കോൺഗ്രസ് നിൽക്കാൻ കാരണം വി.ഡി. സതീശനാണ്. കോൺഗ്രസ് നേതാവെന്ന നിലയിൽ പ്രതിപക്ഷ നേതാവ് ഇതര സമുദായങ്ങളുമായി ഇഴചേർത്തുവെച്ച സൗഹൃദ അന്തരീക്ഷം പാർട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന് സഹായകരമാണ്. സതീശന്റേത് inclusive Politics ആണ്.
ഇതിനൊക്കെ സതീശൻ യുവ തലമുറയുടെ വക്താവാണെന്നത് വലിയ നേട്ടമാണ്. അവരുടെ ഭാഷയിൽ സംവദിക്കാൻ അയാൾക്ക് കഴിയുന്നുണ്ട്. അകറ്റി നിറുത്തിയിരുന്ന പെന്തകോസ്ത് വിഭാഗക്കാരെയും സതീശൻ കോൺഗ്രസിലേക്ക് അടുപ്പിച്ചു. ഇവരുടെ പൊതുപരിപാടികളിൽ പരമാവധി പങ്കെടുക്കാനും സതീശൻ ശ്രദ്ധിച്ചു.
ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും കോൺഗ്രസിന്റെ കുടക്കീഴിൽ അണിനിരന്നത് കെ. കരുണാകരന്റെ കാലത്തായിരുന്നു. ആ കാലത്തിലേക്കാണ് യു.ഡി.എഫിനെ സതീശൻ നയിക്കുന്നതും. വിശ്വാസ്യതയും നിലപാടും ആണ് കെ കരുണാകരനെ ഇതര മതവിഭാഗക്കാരുടെ പ്രിയങ്കരനാക്കിയത്. സമാന ഗുണ വിശേഷങ്ങളാണ് സതീശനെ പ്രിയങ്കരനാക്കുന്നതും. എൽ.ഡി.എഫിന്റെ ആശങ്കയ്ക്ക് കാരണവും മറ്റൊന്നല്ല.