സഖാവായാല്‍ പെട്ടെന്ന് കോടീശ്വരനാകാം!!
ചങ്ക് കൂട്ടുകാരന് അറസ്റ്റിലായതോടെ ഏതു നിമിഷവും അറസ്റ്റിലാകുമെന്ന ഭീതിയില്‍ എ.സി. മൊയ്തീന്
തൃശൂര്‍: സിപിഎം നേതാവിന്റെ വിശ്വസ്തനായാല്‍ കോടിശ്വരനാകാം എന്നാണ് കരുവന്നൂര്‍ ബാങ്ക് കൊള്ള നല്കുന്ന പാഠം. അത്താഴ പട്ടിണിക്കാരനായിരുന്ന ടാക്സി ഡ്രൈവര്‍ അരവിന്ദാക്ഷന് കോടിശ്വരന് ആയത് ഈ വഴിയിലാണ്. മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ വിശ്വസ്തനായതോടെ ഡ്രൈവര്‍ അരവിന്ദാക്ഷന്റെ വളര്‍ച്ച കണ്ണഞ്ചിക്കുന്ന വേഗതയിലായിരുന്നു.
2004 ല്‍ വടക്കാഞ്ചേരിയില്‍ എ.സി മൊയ്തിന് കെ. മുരളീധരനെതിരെ അട്ടിമറി ജയം നേടിയപ്പോള്‍ മുതല്‍ അരവിന്ദാക്ഷന് എ.സി മൊയ്തീന് ഒപ്പമുണ്ട്. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറും ലോക്കല്‍ കമ്മിറ്റി അംഗവുമായി അരവിന്ദാക്ഷനെ മൊയ്തീന് വളര്‍ത്തി. അരക്കോടിയുടെ നിക്ഷേപം, ബിനാമി സ്വത്തു വകകള്‍ അടക്കം അരവിന്ദാക്ഷന് ഇന്ന് കോടിശ്വരന്.
ആകെയുള്ള വരുമാനം നഗരസഭ കൗണ്‍സിലറെന്ന നിലയിലെ ഓണറേറിയം മാത്രം. അരവിന്ദാക്ഷന്റെ പാര്‍ട്ടിയിലെ പ്രവര്‍ത്തനമേഖല വടക്കാഞ്ചേരിയായിരുന്നിട്ടും 2016ലും 2021ലും മൊയ്തീന് കുന്നംകുളം നിയമസഭ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ അവിടെയാണ് പ്രവര്‍ത്തിച്ചത്.
ലോക്കല്‍ കമ്മിറ്റി അംഗം മാത്രമായിരുന്ന അരവിന്ദാക്ഷന് പാര്‍ട്ടിയുടെ ശക്തരായ പലരെയും മറികടന്നാണു മൊയ്തീനിലേക്കും നേതൃത്വത്തിലേക്കുമെത്തിയത്. ഒന്നാം പ്രതി പി.സതീഷ്കുമാറിനെ മൊയ്തീനുമായി അടുപ്പിച്ചതും അരവിന്ദാക്ഷനാണ്.
നോട്ട് നിരോധനത്തെ എതിര്‍ത്തവരാണ് സിപിഎം. എന്നാല്‍ കരുവന്നൂര്‍ ബാങ്ക് കേന്ദ്രീകരിച്ചു നടന്ന കള്ളപ്പണം വെളുപ്പിക്കലില്‍ ഏറിയ പങ്കും നടന്നത് ആ സമയത്താണ്. നോട്ട് നിരോധനത്തിനെതിരെ പാര്‍ട്ടി സമരം ചെയ്യുമ്പോള്‍ പാര്ട്ടിക്കാര് തന്നെ കള്ളപ്പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നു. കരവന്നൂര്‍ ബാങ്ക് കൊള്ളയില്‍ അരവിന്ദാക്ഷന് അറസ്റ്റിലായതോടെ മൊയ്തീന്റെ അറസ്റ്റും ഉടനുണ്ടാകും എന്ന് ഉറപ്പാണ്.
മൊയ്തിന് അറിയാതെ, പറയാതെ അരവിന്ദാക്ഷന് ഒന്നും ചെയ്യില്ല. മൊയ്തിനെ ഇ.ഡി അറസ്റ്റ് ചെയ്യുമെന്ന് സിപിഎമ്മും പ്രതീക്ഷിക്കുന്നുണ്ട്. ഇതിനെതിരെ സഹകരണ മേഖല തകര്‍ക്കാന്‍ ഇ.ഡി. ശ്രമിക്കുന്നു എന്ന ക്യാപ്സൂളാണ് പിണറായിയും ഗോവിന്ദനും ഇറക്കുന്നത്. അരവിന്ദാക്ഷന് മൊയ്തീന്റെ വിശ്വസ്തന് ആണെങ്കില്‍ മൊയ്തീന് പിണറായിയുടെ വിശ്വസ്തനാണ്. വിശ്വസ്തന്മാര് കോടീശ്വരന്മാര് ആകുന്ന കാലമാണ് പിണറായി കാലം എന്നര്‍ത്ഥം.