എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഉള്ളടക്കം വഴിയേ മനസിലാകുമെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് എ ജയകുമാർ. കൂടിക്കാഴ്ചയിൽ സാക്ഷിയായ മുതിർന്ന നേതാവ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. കേരളത്തിൽ ആദ്യമായല്ല ഉന്നത ഉദ്യോഗസ്ഥർ ആർഎസ്എസ് നേതാക്കളെ കാണാൻ വരുന്നതെന്നും, മുൻപും നിരവധി ഐഎഎസ് ഐപിഎസ് ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ജയകുമാർ വ്യക്തമാക്കി.
കൂടിക്കാഴ്ച നടത്തിയതിൽ നോട്ടീസ് അയക്കാൻ സർക്കാർ തീരുമാനിച്ചാൽ അതിനുവേണ്ടി സർക്കാർ ഒരു ഡിപ്പാർട്ട്മെൻറ്റ് തുടങ്ങേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു. ആർഎസ്എസ് നേതാവിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി രഹസ്യമായി കണ്ടതിൽ വിവാദങ്ങളെ തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ആർഎസ്എസ് നേതാവിൻ്റെ വെളിപ്പെടുത്തൽ. സമ്പർക്ക് പ്രമുഖയായ താൻ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകൾ തുടരുമെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.
അതേസമയം ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസം ഡിജിപി മൊഴി രേഖപ്പെടുത്തിയിരുന്നു. സിപിഐ ഉൾപ്പെടെയുള്ള ഘടക കക്ഷികൾ എതിർത്തിട്ടും പിണറായി അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ആർഎസ്എസ് ബന്ധത്തിൻ്റെ തെളിവാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
എ ജയകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൻ്റെ പൂർണ്ണരൂപം:
ഞാൻ ഇഞ്ചിനീയറിംഗ് വിദ്യാഭ്യാസം ( CET, TVM) കഴിഞ്ഞു പൊതുപ്രവർത്തനം രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ അർപ്പിച്ചിട്ടു മൂന്നര പതിറ്റാണ്ടു കഴിഞ്ഞു. നാഗപ്പുരും ഡൽഹിയിലും ആയിരുന്നു ഏറിയ പങ്കും ചിലവഴിച്ചത് . വിദ്യാഭ്യാസവും ശാസ്ത്രവും സാങ്കേതിക വിദ്യയും ആയിരുന്നു എന്റെ പ്രവർത്തന മേഖല. കഴിഞ്ഞ ആഴ്ചയിൽ മെട്രോമാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരൻ സാറിന്റെ വീട്ടിലിരിക്കുമ്പോൾ ഒരു മാധ്യമ പ്രവർത്തകൻ ഫോണിലൂടെ ചോദിച്ചു , DGP ഓഫീസിൽ നിന്നും തെളിവെടുപ്പിനായുള്ള നോട്ടീസ് കിട്ടിയോ എന്ന്. തെല്ലൊരു ആശ്ചര്യത്തോടും എന്നാൽ നിസ്സംഗതയോടും എനിക്കു ഇതിനെ കുറിച്ചറിയില്ല എന്നറിയിച്ചു. പിന്നെ ചാനലുകൾ കാണുമ്പോഴാണ് , ഡിജിപി ഓഫിസിൽ നിന്നും RSS നേതാവ് എ ജയകുമാറിന് നോട്ടീസ് അയച്ച കാര്യം അറിയുന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ മുതിർന്ന അധികാരികളെ , പൊതു പ്രവർത്തകരും ഉദ്യോഗസ്ഥരും അനൗപചാരികമായി കാണുന്നതും, ആശയങ്ങൾ പങ്കിടുന്നതും , സംശയങ്ങൾ ദൂരീകരിക്കുന്നതും 1925 ൽ , RSS തുടങ്ങിയ കാലം മുതൽ ഉള്ള ഒരു സംവിധാനം ആണ്. സംഘത്തിന്റെ സാംസ്കാരിക ജൈത്ര യാത്രയിൽ വന്നു കണ്ടവരുടെയും അങ്ങോട്ട് പോയി ആശയങ്ങൾ കൈമാറിയവരുടെയും ലിസ്റ്റ് എടുത്താൽ പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ, സിവിൽ സർവീസ്സുകാർ തൊട്ടു സാധാരണ മനുഷ്യർ വരെ പതിനായിരക്കണക്കിന് ആൾക്കാർ വരും.
കേരളത്തിൽ ആദ്യമായിട്ടല്ല ഒരു ADGP RSS ന്റെ അധികാരിയെ കാണാൻ വരുന്നത് . ഇന്ന് സർവിസിൽ തുടരുന്ന എത്രയോ IPS കാരും , IAS കാരും, എന്തിനേറെ ചീഫ് സെക്രെട്ടറിമാർ വരെ RSS നേതൃത്വവും ആയി സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുള്ളവരാണ് . ഇതിൽ നിരവധി പേർ RSS കാര്യാലയങ്ങൾ സന്ദർശിച്ചിട്ടുള്ളവരാണ് . ഇവരുമായുള്ള സ്വകാര്യ സംഭാഷണങ്ങളിൽ നാടിൻ്റെ ഉയർച്ചക്കും നാട്ടുകാരുടെ വളർച്ചക്കും വേണ്ടി RSS ന്റെ പങ്കു നിർവഹിക്കാനുള്ള ഭാവാത്മക ചർച്ചകളാണ് നടക്കുക.
എൻ്റെ പൊതുജീവിതത്തിൽ ഞാൻ ചെന്നു കണ്ടവരുടെയും, എന്നെ വന്നു കണ്ടവരുടെയും, എന്നൊടൊപ്പം വന്ന് സംഘ അധികാരികളെ കണ്ട മറ്റു ഉദ്യോഗസ്ഥന്മാരുടെയും ലിസ്റ്റ് തെരഞ്ഞുപോയാൽ അതിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും , മത വിഭാഗങ്ങളിലും പെടുന്ന നൂറു കണക്കിനു നേതാക്കൾ ഉണ്ടാകും. അതിനൊക്കെ എനിക്കു നോട്ടീസ് അയക്കാൻ തുടങ്ങിയാൽ ഇതിനായി ഒരു പുതിയ department സർക്കാർ ആരംഭിക്കേണ്ടി വരും.
RSS ഒരു ലക്ഷത്തോളം ശാഖകളുള്ള 40 ഓളം മറ്റു സംഘടനകളിലൂടെ 20 കോടിയിലധികം അംഗങ്ങളുള്ള പ്രസ്ഥാനം ആണ്. അതുകൊണ്ട് തന്നെ ഭാവനാ സമ്പന്നരും ക്രിയാ ശേഷിയുള്ളവരും ആയ നിസ്വാർത്ഥരായ ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും എല്ലാ കാലത്തും ആർ എസ്സ് എസ്സുമായി സംവദിച്ചിരുന്നു. അത് തുടരുകയും ചെയ്യും.
NB: 1) സമ്പർക്ക് പ്രമുഖ് എന്ന നിലയിൽ, ഇനിയും പ്രമുഖരുമായുള്ള കൂടികാഴ്ചകൾ തുടരും
2) നോട്ടീസ് കിട്ടിയാലും ഇല്ലെങ്കിലും, കൂടികാഴ്ചകളിലെ അന്തസ്സാരം വഴിയേ ജനങ്ങൾക്കു ബോധ്യപ്പെട്ടോളും.