ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബാറ്റർമാരുടെ പട്ടിക പുറത്തുവന്നപ്പോൾ ഇന്ത്യയ്ക്ക് സന്തോഷവും ഒപ്പം നിരാശയും. റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടംപിടിച്ചിരുന്ന വിരാട് കോലി പുറത്തായപ്പോൾ ഋഷഭ് പന്ത് ആദ്യ പത്തിലേക്ക് തിരിച്ചെത്തി. ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിൽ നിരാശപ്പെടുത്തിയ കോലി, 5 സ്ഥാനങ്ങൾ നഷ്ടപ്പെട്ട് 12–ാം റാങ്കിലേക്ക് താഴ്ന്നു.
ബംഗ്ലദേശിനെതിരെ സെഞ്ചറിയുമായി ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് അറിയിച്ച ഋഷഭ് പന്ത് ആറാം റാങ്കിലെത്തി. 5–ാം റാങ്കിലുള്ള യശസ്വി ജയ്സ്വാളാണ് ബാറ്റിങ് റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യൻ താരം. 5 സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് (10) ആദ്യ പത്തിൽ സ്ഥാനം നിലനിർത്താനായി.
നിറം മങ്ങുന്ന കോലി
കരിയറിലെ ഏറ്റവും മോശം സമയത്ത് പോലും വലിയ തിരിച്ചുവരവ് നടത്തിയ താരമാണ് കോലി. ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് എത്ര ഫോം ഔട്ടായാലും കോലിയുടെ മടങ്ങി വരവ് പല മാച്ചുകളിലും ഇന്ത്യ കണ്ടതാണ്. എന്നാൽ ഫോം ഔട്ടിനപ്പുറത്തേക്ക് കോലിയുടെ ബാറ്റിങ്ങിന് അത്ര നിറം പോരെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 2 തവണ മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോലിക്കു സെഞ്ച്വറി നേടാൻ സാധിച്ചത്. 2020, 2021, 2022, 2024 വർഷങ്ങളിൽ ഒരു സെഞ്ചറി പോലുമില്ലാത്ത കോലി, 2023ൽ രണ്ടു തവണ സെഞ്ച്വറി നേടി തിരിച്ചുവന്നിരുന്നു. എന്നാൽ കോലിയുടെ പ്രകടനം വീണ്ടും ഫോംഔട്ടിലേക്ക് നീങ്ങുകയാണ്.