രാഷ്‍ട്രീയത്തില്‍ സജീവമായതിനാല്‍ വിജയ് ഒരു സിനിമയോടെ ഇടവേളയെടുക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തമിഴകത്തിന്റെ തല അജിത്തും വൈകാതെ സിനിമയില്‍ നിന്ന് ഇടവേളയെടുക്കും എന്നും റിപ്പോര്‍ട്ടുകള്‍ വന്നത് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. വിജയ് തന്റെ അടുത്ത ചിത്രമായ ദളപതി 69 പൂർത്തിയാക്കിയതിന് ശേഷം രാഷ്ട്രീയത്തിൽ കൂടുതൽ സമയം ചെലവിടാൻ ഇടവേള എടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ അജിത്തും സിനിമയിൽ നിന്ന് വിട്ടു നിൽക്കാൻ ആലോചിക്കുകയാണെന്ന വാർത്തകൾ പുറത്ത് വന്നത്.
താൻ സജീവമായി പങ്കാളിയാകുന്ന യൂറോപ്യൻ ജിടി4 ചാമ്പ്യൻഷിപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സിനിമകൾ കുറയ്ക്കാൻ ആലോചിക്കുന്നത്. ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന് ശേഷം താരം റേസിംഗിൽ സജീവമാകുമെന്ന് സൂചനയുണ്ട്. സിനിമയിൽ ഇടവേള എടുക്കുന്നതുമായി ബന്ധപ്പെട്ട് അജിത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ഇത് ആരാധകരെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്.
അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയാണ്. വിഡാ മുയര്‍ച്ചിയുടെ ക്ലൈമാക്സ് ഫൈറ്റ് രംഗം ചിത്രീകരിച്ചു എന്നാണ് അജിത് കുമാറിന്റെ ചിത്രത്തില്‍ ഉള്ള നടൻ അര്‍ജുൻ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് അപ്‍ഡേറ്റും പുറത്തുവിട്ടു. 2024 ഡിസംബറില്‍ വിഡാ മുയര്‍ച്ചി തിയറ്ററുകളില്‍ എത്തിയേക്കും എന്നാണ് അര്‍ജുൻ സൂചിപ്പിച്ചിരിക്കുന്നത്.