തെന്നിന്ത്യൻ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ അനശ്വരമായി ഇടം പിടിച്ച എസ്പിബി വിടപറഞ്ഞിട്ട് ഇന്നേക്ക് 4ആണ്ട്. ഒരു ഗാനത്തിന്റെ ആത്മാവ് ആസ്വാദകന്റെ ഹൃദയം തൊടണമെങ്കിൽ വേണ്ടതെന്താണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞ ഗായകനായിരുന്നു അദ്ദേഹം. തന്റെ ആലാപനത്തിലൂടെ, വരികളുടെ കാവ്യാത്മകതയും, അഭിനേതാവിന്റെ ശബ്ദസാമ്യവും, സംഗീതത്തിനും പാട്ടിനും ചേര്‍ന്ന് നിൽക്കുന്ന ഭാവാത്മകതയും എസ്പിബി നിര്‍വഹിച്ചിരുന്നു.
മറ്റൊരു ഇന്ത്യൻ ഗായകനും ഇനി ഒരുപക്ഷെ എത്തിപ്പിടിക്കാൻ സാധിച്ചേക്കില്ലാത്ത നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സംഗീതം ഔപചാരികമായി പഠിക്കാതിരുന്നിട്ടും, 16 ഭാഷകളിലായി 40,൦൦൦ത്തിലധികം ഗാനങ്ങൾ എസ്പിബി ആലപിച്ചു. ഇന്ത്യയുടെ ഭാഷാവൈവിധ്യങ്ങളെ ഭാവാത്മകമായ ശബ്ദസൗകുമാര്യമായി മാറ്റിയെടുത്ത ഗായകരുടെ പട്ടികയിൽ, മറ്റുള്ളവർക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് എസ്പി ബാലസുബ്രഹ്മണ്യം. ലോകത്തെ ഏറ്റവും അധികം ഗാനങ്ങൾ റെക്കോര്‍ഡ് ചെയ്ത ഗായകനെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്, ഒരു ദിവസം ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയ ഗായകൻ എന്ന റെക്കോര്‍ഡ് തുടങ്ങി, നിരവധി നേട്ടങ്ങളാണ് അദ്ദേഹം തന്റെ സംഗീതജീവിതത്തിലൂടെ നേടിയത്.
പ്രണയഗാനങ്ങൾ ആലപിക്കുമ്പോൾ അദ്ദേഹത്തിനുണ്ടായിരുന്ന ഭാവസാന്ദ്രത എടുത്ത് പറയേണ്ടതൊന്നാണ്. എല്ലാക്കാലത്തും ആളുകൾ ചുണ്ടിൽ ഒളിച്ച് പിടിക്കുന്ന ‘മണ്ണിൽ ഇന്ത കാതൽ’ എന്ന ഗാനത്തിന്റെ പ്രണയാർദ്രമായ ഭാവാത്മകത കാലത്തെ അതിജീവിക്കുന്നതാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത എസ്പിബി ശങ്കരാഭരണത്തിലെ ഗാനങ്ങൾ സ്വഭാവികതയോടെ ആലപിച്ചത് വിസ്മയത്തോടെയാണ് അസ്വാദകർ കേട്ടത്.
സിനിമാ വഴിയിൽ അദ്ദേഹത്തിന്റെ രസതന്ത്രം ഇഴചേർന്ന് കിടക്കുന്നവരുടെ പട്ടികയിൽ അഭിനേതാക്കളുമുണ്ട്. ഇളയരാജ, എസ് ജാനകി, കമൽ ഹാസൻ രജനീകാന്ത് തുടങ്ങിയ അതുല്യപ്രതിഭകളുമായി മനോഹരമായി കണ്ണിചേരുന്ന എസ്പിബിയുടെ രസതന്ത്രം എടുത്ത് പറയേണ്ടതാണ്. എസ്പിബിയുടെ ശബ്ദത്തിൽ കമൽ ഹാസന്റെയും രജനീകാന്തിന്റെയും ഗാനങ്ങൾ സ്ക്രീനിൽ കാണുമ്പോൾ ശബ്ദവും ശരീരവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുള്ളതായി പ്രേക്ഷകർക്ക് തോന്നുകയേയില്ല. അത്രയേറെ അവരുടെ ശബ്ദവും ഭാവവുമായി ഇണങ്ങിച്ചേരുന്നതായിരുന്നു എസ്പിബിയുടെ ആലാപനം.
എസ് ജാനകിയും എസ്പി ബാലസുബ്രഹ്മണ്യവും ഒരുമിച്ച് പാടുമ്പോൾ ആ ഗാനങ്ങൾ നമ്മളെ കൂട്ടിക്കൊണ്ട് പോകുന്ന ആസ്വാദനത്തിന്റെ തലം
വാക്കുകൾക്കതീതമാണ്. ഇളയരാജയും എസ്പി ബാലസുബ്രഹ്മണ്യവും ഒരുമിച്ച് ചേർന്നപ്പോൾ പിറവിയെടുത്ത ഗാനങ്ങളെല്ലാം നിത്യവിസ്മയങ്ങളായി കാലത്തെ അതിജീവിക്കുക തന്നെ ചെയ്യും.
വരികളുടെ ആത്മാവറിഞ്ഞ് ഇളയരാജ താളമിടുമ്പോൾ സംഗീതത്തിന്റെ നെഞ്ചകം തൊട്ട് എസ്പിബി ആ പാട്ടിനെ മറ്റൊരു തലത്തിലേയ്ക്ക് ഉയർത്തിയതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. എസ്പിബിയുടെ പാട്ടുവഴികളിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളെ അടയാളപ്പെടുത്തിയിട്ടുണ്ട് ഇവർക്കൊപ്പം ചേരുമ്പോൾ പിറവിയെടുത്തിരുന്ന പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകളുടെ രസതന്ത്രം. കമൽഹാസന് വേണ്ടി പാടുമ്പോള് അത് എസ്പിബിയുടെ ശബ്ദമാണോ കമൽ ഹാസന്റെ ശബ്ദമാണോ എന്ന് വേർതിരിച്ചറിയാൻ കഴിയാത്തവിധം പലപ്പോഴും എസ്പിബി വിസ്മയിപ്പിച്ചിട്ടുണ്ട്. കമൽഹാസന്റെ ശബ്ദത്തിന് മൊഴിമാറ്റം നൽകിയ ഡബ്ബിങ്ങ് ആർട്ടിസ്റ് കൂടിയായിരുന്നു എന്നത് ഗാനാലാപനത്തിലും എസ്പിബിക്ക് സഹായകമായിട്ടുണ്ട്. തമിഴ് ചിത്രങ്ങൾ തെലുങ്കിലേക്ക് മൊഴിമാറ്റുമ്പോൾ കമൽ ഹാസന്റെ ശബ്ദം പതിവായി ഡബ്ബ് ചെയ്തിരുന്നത് എസ്പിബിയായിരുന്നു. രജീകാന്തിന് വേണ്ടി പാടുമ്പോഴും ഈയൊരു അനുഭവപരിചയം എസ്പിബിക്ക് തുണയായിട്ടുണ്ടാകും.
ഇന്ത്യൻ സിനിമയിലെ അപൂർവ്വ പ്രതിഭാസംഗമം അടയാളപ്പെടുത്തിയ സിനിമയായിരുന്നു ദളപതി. രജനീകാന്ത്, മമ്മൂട്ടി, അമരീഷ് പുരി തുടങ്ങിയ അഭിനയപ്രതിഭകളുടെ വിസ്മയത്തെ മണിരത്നത്തിന് വേണ്ടി കാമറയിൽ പകർത്തിയത് സന്തോഷ് ശിവനായിരുന്നു. ഇളയരാജയുടെ ഈണത്തിന് യേശുദാസും എസ്പിബിയും ഒരുമിച്ച ‘കാട്ടുക്കുയിലേ മനസ്സുക്കുള്ളെ..’ എന്ന ഗാനം പലനിലയിലും വിശ്രുതമാണ്. സ്ക്രീനിലെ രജനീകാന്തിന് വേണ്ടി എസ്പിബി പാടിയപ്പോൾ മമ്മൂട്ടിക്ക് വേണ്ടിപാടിയത് യേശുദാസായിരുന്നു. ദളപതിയിലെ അപൂർവ്വ പ്രതിഭാസംഗമം ഇനി ആവർത്തിക്കില്ലാത്ത ചരിത്രമാണ്. കമൽ ഹാസനും രജനീകാന്തിനും പുറമെ സൽമാൻ ഖാൻ , അനിൽ കപൂർ , ജെമിനി ഗണേശൻ, രഘുവരൻ തുടങ്ങിയ നിരവധി അഭിനേതാകൾക്ക് ശബ്ദം നൽകിയിട്ടുണ്ട് എസ്പിബി.
പാരമ്പര്യമായി ലഭിച്ച കലാപശ്ചാത്തലമാണ് എസ്പിബിയെന്ന കലാകാരന് കരുത്തായത്. പ്രതിഭാധനനായ പിന്നണി ഗായകന് എന്നതിന് പുറമെ സംഗീത സംവിധായകൻ , അഭിനേതാവ്, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ ബഹുമുഖമായ കലാഇടങ്ങളിലും എസ്പിബി വ്യക്തിമുദ്ര പതിപ്പിച്ചു. 1979 ൽ ശങ്കരാഭരണത്തിലൂടെ ആദ്യ ദേശീയ അവാർഡ് നേടിയ എസ്പിബി പിന്നീട് 1981 ൽ ഏക് ദുജേ കേലിയേ, 1983 ൽ സാഗരസംഗമം, 1988 ൽ രുദ്രവീണ, 1995 ൽ സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി, 1996 ൽ മിൻസാര കനവ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ദേശീയ അവാർഡിനർഹനായി.
കൊവിഡ് ബാധയെ തുടർന്ന് ആരോഗ്യപ്രേശ്നങ്ങൾ നേരിട്ട എസ്പിബിക്ക് കൊവിഡ് നെഗറ്റീവായതിന് ശേഷവും പഴയജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല. ആയിരക്കണക്കിന് സംഗീതാസ്വാദകരുടെ കണ്ണ് നനയിച്ച് വിടപറഞ്ഞു. പെയ്തൊഴിയാത്ത മഴപോലെ എസ്പിബിയുടെ ഗാനങ്ങൾ ഇടമുറിയാതെ സംഗീതാസ്വദാകരുള്ള കാലത്തോളം പെയ്തുകൊണ്ടിരിക്കും. നമ്മുടെ വ്യത്യസ്തവൈകാരിക നിമിഷങ്ങളിൽ അതിനോട് കണ്ണിചേർന്ന് നിൽക്കുന്ന എത്രയോ എസ്പിബി ഗാനങ്ങളുണ്ട്, നമുക്ക് എസ് പി ബാലസുബ്രഹ്മണ്യത്തിലേക്ക് പോയി മടങ്ങാൻ. അനശ്വര ശബ്ദത്തിന്റെ ഓർമകൾക്ക് ആദരം.