മലപ്പുറം ജില്ലയിൽ മങ്കിപോക്സ് ലക്ഷണങ്ങളുമായി യുവാവ് ചികിത്സയിൽ. ദുബായിൽ നിന്നും നാട്ടിലെത്തിയ എടവണ്ണ സ്വദേശിയാണ് ചികിത്സയിലുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് യുവാവ് നാട്ടിലെത്തിയത്. ഇതിന് പിന്നാലെ ഇന്നലെ യുവാവിന് രോഗലക്ഷണങ്ങൾ പ്രകടമാകുകയായിരുന്നു. ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗം ഒപിയിൽ ആയിരുന്നു യുവാവ് ചികിത്സ തേടിയത്. എംപോക്സിന്റെ ലക്ഷണമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
യുവാവിന്റെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ആകുകയുള്ളൂ. യുവാവിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.