ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആര്.അജിത് കുമാർ. മുഖ്യമന്ത്രിയുടെ ഓഫിസ്, കാര്യങ്ങൾ തിരക്കിയപ്പോഴാണ് സമ്മതിച്ചത്. സ്വകാര്യ സന്ദർശനമെന്നാണ് വിശദീകരണം.
എഡിജിപി തൃശൂരിലെ ഹോട്ടലില്‍ എത്തിയത് ആര്.എസ്.എസ് പോഷകസംഘടനാ നേതാവിന്റെ കാറിലാണ്. ഇത് ഡിജിപിക്കും സര്‍ക്കാരിനും സ്പെഷല്‍ ബ്രാഞ്ച് അന്നേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചയും പൊലീസ് മേധാവിയുടെ സംഘം അന്വേഷിക്കും. അതേസമയം ലോഗ്ബുക്കില്‍ രേഖ വരാതെയിരിക്കാന്‍ ഔദ്യോഗിക വാഹനം ഒഴിവാക്കിയെന്ന സംശയവും ബലപ്പെടുന്നു.
ആര്.എസ്.എസുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രിയാണ് ഇതിന് പിന്നിലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. തൃശൂര്‍പൂരം അജിത്കുമാറിനെ വച്ച് കലക്കിയതാണെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചിരുന്നു.
2023 മേയ് 20 മുതല്‍ 22 വരെ തൃശൂരിെല പാറമേക്കാവില്‍ വച്ച് ആര്.എസ്.എസ് ക്യാംപ് നടന്നിരുന്നുവെന്ന് ഈ ക്യാംപില്‍ പങ്കെടുക്കാനെത്തിയ ദത്താത്രേയയെ എഡിജിപി സന്ദര്‍ശിച്ചുവെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ സതീശന് ആരോപിച്ചത്.