ജുഡീഷ്യൽ ഓഫിസർമാരുടെ സ്ഥലംമാറ്റത്തിൽ പരിഷ്ക്കാരം: ഇനി മേഖലകൾ അടിസ്ഥാനമാക്കി മാത്രം

ജുഡീഷ്യൽ ഓഫിസർമാരുടെ സ്ഥലംമാറ്റം ഇനി മുതൽ മേഖലകൾ അടിസ്ഥാനമാക്കി മാത്രം. ഒരു മേഖലയിൽ മൂന്നു വർഷം പ്രവർത്തിച്ച ഓഫിസർക്ക് ഇതേ മേഖലയിൽ തിരിച്ചെത്തണമെങ്കിൽ 6 വർഷം കാത്തിരിക്കണം. അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത സ്ഥലത്ത് ജുഡീഷ്യൽ ഓഫിസർമാരെ നിയമിക്കില്ല. ജ‍ൻമ സ്ഥലം, ഭൂമിയുള്ള സ്ഥലം എന്നിവിടങ്ങളിലും നിയമനം നൽകില്ല. ഭർത്താവും ഭാര്യയും ജുഡീഷ്യൽ ഉദ്യോഗസ്ഥരാണെങ്കിൽ സീനിയോറിറ്റി കണക്കാക്കാതെ ഒരേ സ്ഥലത്ത് നിയമിക്കും.

ഒൻപത്, 11 ക്ലാസുകളിൽ പഠിക്കുന്ന മക്കളുണ്ടെങ്കിൽ, ഒരേ സ്ഥലത്ത് മൂന്നു വർഷത്തിൽ കൂടുതൽ പ്രവർത്തിക്കാൻ അനുവദിക്കും.
കേരള ജുഡീഷ്യൽ സർവീസിലെ സിവിൽ ജഡ്ജ്((സീനിയർ ഡിവിഷൻ), സിവിൽ ജഡ്ജി(ജൂനിയർ ഡിവിഷൻ)മാരുടെ പൊതു സ്ഥലം മാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഹൈക്കോടതി റജിസ്ട്രാർ ജനറൽ നിർദേശങ്ങൾ പുറത്തിറക്കി.

മുൻസിഫ്-മജിസ്ട്രേട്ട് എന്നത് സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) എന്നു മാറ്റിയും, സബ് ജഡ്ജ്–ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എന്നത് സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) മാറ്റിയും കേരള ജുഡീഷ്യൽ സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. സംസ്ഥാനത്തുടനീളമുള്ള വിവിധ സ്വഭാവത്തിലുള്ള ജോലിയെക്കുറിച്ച് പഠിക്കാനുള്ള അവസരം നൽകുന്നതിനാണ് ജുഡീഷ്യൽ ഓഫിസർമാരുടെ സ്ഥലംമാറ്റത്തിൽ പുതിയ പരിഷ്ക്കാരം വരുത്തിയതെന്നും ഹൈക്കോടതി റജിസ്ട്രാർ ജനറലിന്റെ നിർദേശങ്ങളിൽ പറയുന്നു.

മൂന്ന് മേഖലകളിൽ റൊട്ടേഷൻ വ്യവസ്ഥയിൽ നിയമനം
ദക്ഷിണ, മധ്യ, ഉത്തര മേഖലകളായി തിരിച്ചാണ് പൊതുസ്ഥലംമാറ്റം നടപ്പാക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് ദക്ഷിണ മേഖലയിൽ. കോട്ടയം, തൊടുപുഴ, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവ മധ്യമേഖലയിലും, മഞ്ചേരി, കോഴിക്കോട്, കൽപറ്റ, തലശ്ശേരി, കാസർകോട് എന്നിവ ഉത്തരമേഖലയിലും. റൊട്ടേടഷൻ വ്യവസ്ഥയിലാണ് മൂന്നു മേഖലയിലും നിയമിക്കുക, ആദ്യം ദക്ഷിണ മേഖല, പിന്നീട് മധ്യമേഖല, തുടർന്ന് ഉത്തര മേഖല എന്നീ ക്രമത്തിൽ

മൂന്നു വർഷത്തേക്കാണ് ഒരു സ്ഥലത്ത്(സ്റ്റേഷൻ)ജുഡീഷ്യൽ ഓഫിസർമാരെ പൊതു സ്ഥലം മാറ്റത്തിലൂടെ നിയമിക്കുന്നത്. മേഖല തിരിച്ചുള്ള സ്ഥലംമാറ്റത്തിലും ഇതേ വ്യവസ്ഥ തുടരും. മൂന്നു വർഷത്തിൽ കൂടുതൽ സമയം ഒരു ജില്ലയിൽ തുടർച്ചയായി പ്രവർത്തിക്കാൻ അനുവദിക്കില്ല.

പ്രത്യേക സാഹചര്യങ്ങളിൽ, ഒരു മേഖലയിൽ ഉൾപ്പെടുന്ന മറ്റൊരു ജില്ലയിൽ 3 വർഷം കൂടി പ്രവർത്തിക്കാൻ അനുവദിക്കും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ അനുമതിയോടെ പരമാവധി 6 വർഷം തുടർച്ചയായി ഒരു മേഖലയിൽ പ്രവർത്തനാനുമതി നൽകും. ഹൈക്കോടതിയിൽ ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ, കേരള ലീഗൽ സർവീസസ് അതോറിറ്റി എന്നിവിടങ്ങളിലുള്ളളർക്ക് സ്ഥലംമാറ്റ വ്യവസ്ഥ ബാധകമല്ല. കുടുംബ കോടതി ജ‍ഡ്ജിമാർക്ക് ഒരു സ്ഥലത്ത് 5 വർഷം പ്രവർത്തിക്കാൻ അനുമതി.

ശാരീരിക വൈകല്യങ്ങളുള്ളവരെ വിദൂര സ്ഥലങ്ങളിൽ നിയമിക്കില്ല
40 % ത്തിലേറെ ശാരീരിക വൈകല്യങ്ങളുള്ള ഉദ്യോഗസ്ഥരെ അധികം യാത്ര ചെയ്യേണ്ട സ്ഥലങ്ങളിൽ നിയമിക്കുന്നത് ഒഴിവാക്കും. ഇവരുടെ സ്ഥലംമാറ്റത്തിൽ സീനിരിയോറിറ്റി കണക്കാക്കില്ല.

നീതിന്യായ വ്യവസ്ഥയ്ക്ക് താൽപര്യമില്ലെങ്കിൽ ഏതൊരു ജുഡീഷ്യൽ ഓഫിസറെയും നിശ്ചിത കാലാവധിക്കു മുൻപ് സ്ഥലംമാറ്റാം. പ്രിൻസിപ്പൽ ജില്ലാ, സെഷൻസ് ജഡ്ജിമാരെ ഹൈക്കോടതിക്ക് എവിടെ വേണമെങ്കിലും നിയമിക്കാം. ഒരു പ്രത്യേക ജില്ലയിൽ 9 വർഷം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അതേ ജില്ലയിൽ നിയമനം നൽകില്ല. ജൂൺ 1 നും ഓഗസ്റ്റ് 31 നും ഇടയിൽ മൂന്നു വർഷക്കാലയളവ് പൂർത്തിയാക്കുന്ന ഓഫിസർമാരെയും പൊതു സ്ഥലംമാറ്റത്തിനായി പരിഗണിക്കും. പ്രത്യേക സാഹചര്യങ്ങളിലൊഴികെ, മൂന്നു വർഷം തികയ്ക്കാത്ത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ അപേക്ഷകൾ സ്വീകരിക്കില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments