കേരളത്തില്‍ നിയമനത്തിന് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ലാത്ത അപൂർവ്വ പോസ്റ്റാണ് പി.എസ്.സി അംഗങ്ങളുടേത്. സർക്കാർ ജോലിക്കായി പ്യൂണ്‍ മുതല്‍ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ വരെ തെരഞ്ഞെടുക്കേണ്ട ചുമതലയുള്ളവർക്ക് വിദ്യാഭ്യാസം ഉണ്ടായിരിക്കണമെന്നില്ല എന്നതാണ് അവസ്ഥ.
ഇൻ്റർവ്യു ഉള്ള തസ്തികകളിൽ ഇവരുടെ സാന്നിദ്ധ്യം ഉണ്ടാകും. ശമ്പളം കൂടാതെ ലക്ഷങ്ങളാണ് ഇൻ്റർവ്യു നടത്താൻ വിവിധ ജില്ലകളിൽ പോയി എന്ന് പറഞ്ഞ് ഇവരുടെ പോക്കറ്റുകളിലേക്ക് പോകുന്നത്. രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവനും സ്കൂളിൽ പോകാത്തവനും പി.എസ് സി അംഗം ആകാം എന്ന അവസ്ഥയാണ് സംസ്ഥാനത്ത്.
രാഷ്ട്രീയ ശുപാർശ നിയമനം ആയതുകൊണ്ട് രാഷ്ട്രീയ നേതാക്കൻമാരുടെ ശിങ്കിടി ആയാൽ പി.എസ്.സി അംഗമാകാൻ എളുപ്പമാണ്. നിലവിലെ ശമ്പളം പോര എന്ന പരാതിയാണ് ഇവർ ഉയർത്തുന്നത്. ഒരു വർഷം മുമ്പ് തന്നെ ശമ്പളം ഉയർത്താനുള്ള പ്രൊപ്പോസൽ മുഖ്യമന്ത്രിക്ക് ഇവർ നൽകിയിരുന്നു.
മുഖ്യമന്ത്രി പരിശോധനക്കായി ധനവകുപ്പിനും കൈമാറി. ധനവകുപ്പിൽ കാലതാമസം ഉണ്ടായതോടെ ഉന്നതങ്ങളിൽ നിന്ന് വിളിയെത്തി. ശമ്പളം ഉയർത്താൻ തീരുമാനവും ആയി. 2016 മുതൽ ശമ്പളത്തിന് മുൻകാല പ്രാബല്യം വേണം എന്ന ആവശ്യം മുഖ്യമന്ത്രിയും അംഗീകരിച്ചു. 2.24 ലക്ഷമാണ് ചെയർമാൻ്റെ ശമ്പളം 4 ലക്ഷമായി ഉയരും.
നിലവിലെ ശമ്പളത്തെക്കാൾ 1.76 ലക്ഷം കൂടുതൽ. 2016 മുതൽ മുൻകാല പ്രാബല്യം ഉള്ളതുകൊണ്ട് എട്ടരവർഷത്തെ കുടിശിക ലഭിക്കും. അതായത് ( 1.76 ലക്ഷം x 102 മാസം) 1.79 കോടി രൂപ ചെയർമാന് കുടിശിക ശമ്പളമായി ലഭിക്കും. കൃത്യമായ കുടിശിക 1,79,52,000 രൂപ.അംഗങ്ങളുടെ നിലവിലെ ശമ്പളം 2.19 ലക്ഷം. 3.75 ലക്ഷമായിട്ടാണ് ഉയർത്തുന്നത്.
നിലവിലെ ശമ്പളത്തെക്കാൾ 1.56 ലക്ഷം കൂടുതൽ. ഒരംഗത്തിന് മാത്രം കുടിശിക 1.59 കോടി ലഭിക്കും. 21 അംഗങ്ങളാണ് പി.എസ്. സി യിൽ ഉള്ളത്. 33.39 കോടി രൂപ വേണം 21 അംഗങ്ങളുടെ ശമ്പള കുടിശിക കൊടുക്കാൻ. അതായത് ചെയർമാനും 21 അംഗങ്ങൾക്കും ശമ്പള കുടിശിക മാത്രം കൊടുക്കാൻ വേണ്ടത് 35.18 കോടി.
ക്ഷേമപെൻഷൻ 6 മാസമായിട്ട് കുടിശികയായിട്ട് ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് പി.എസ് സി ചെയർമാനും അംഗങ്ങൾക്കുമായി ശമ്പള കുടിശിക ഇനത്തിൽ മാത്രം 35 .18 കോടി നൽകുന്നത്.