വടകര കാഫിര്‍ വിവാദം: പ്രതികളെ കണ്ടെത്തിയിട്ട് മതി സമാധാനയോഗമെന്ന് യുഡിഎഫ്; സിപിഎം ജില്ല സെക്രട്ടറിക്കെതിരെയും സംശയമുന

Shafi parambil

വടകരയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തലേദിവസം പ്രചരിപ്പിക്കപ്പെട്ട കാഫിര്‍ വാട്സാപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ വൈകുന്നതിന്റെ പേരില്‍ രാഷ്ട്രീയപ്പോര്. വ്യാജ വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതിന് പിന്നില്‍ സിപിഎമ്മും ജില്ലാ സെക്രട്ടറിയുമാണെന്ന നിലപാടിലാണ് മുസ്ലിംലീഗ്, ആര്‍.എം.പി നേതാക്കള്‍. ജില്ലാ സെക്രട്ടറി പി. മോഹനന്റെ പേരെടുത്തുപറഞ്ഞ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയും റവലൂഷണറി യൂത്തും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

‘വടകരപോലെ സെന്‍സിറ്റീവായ സ്ഥലത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കലാപമുണ്ടാക്കാന്‍ സി.പി.എം. ശ്രമിക്കുന്നു, എന്തുകൊണ്ട് തിരഞ്ഞെടുപ്പ് സമയത്ത് ബോംബ് പൊട്ടി? സമാധാനമുണ്ടാക്കണമെന്ന് അപ്പോള്‍ മുസ്ലിംലീഗ് പറയണ്ടേ? ഉടനെ മോഹനന്‍മാഷ്, സമാധാനമുണ്ടാക്കണ്ടേന്ന്, മോഹനന്‍മാഷ് എന്തിനാണ് മനുഷ്യരെ തമ്മില്‍ത്തല്ലിക്കാന്‍ ഇങ്ങനെ ചെയ്യുന്നത്. ആദ്യം ഈ മോഹനന്‍മാഷെ പിടിച്ച് അകത്തിട്ടാല്‍ രാജ്യത്ത് മുഴുവന്‍ സമാധാനമുണ്ടാവും. ഇവിടെമാത്രമല്ല കാസര്‍കോടും ഇങ്ങനെത്തന്നെയാണ് സി.പി.എം. ചെയ്യുന്നത്’ എന്നായിരുന്നു കെ.എം ഷാജി കോഴിക്കോട് സംസാരിച്ചത്.

അതേ സമയം ഏറെ വിവാദത്തിലായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ പി.മോഹനന്റെ മകന്റെ നേതൃത്വത്തിലുള്ള സൈബര്‍ സംഘമാണെന്നായിരുന്നു റവല്യൂഷണറി യൂത്ത് പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനെ അപലപിച്ച് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം രംഗത്തെത്തി. വടകരയെ സംഘര്‍ഷഭൂമിയാക്കാനുള്ള നീക്കമാണ് ഷാജിയെപ്പോലുള്ളവര്‍ നടത്തുന്നതെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ വിമര്‍ശം.

സമാധാനയോഗം വിളിക്കണമെന്ന ആവശ്യത്തെച്ചൊല്ലിയും രാഷ്ട്രീയവിവാദം കൊഴുക്കുന്നുണ്ട്. സര്‍വകക്ഷി സമാധാനയോഗത്തോട് സി.പി.എം. അനുകൂലമായാണ് പ്രതികരിച്ചത്. സമാധാനം പുലരാന്‍ നടപടിവേണമെന്ന നിലപാടാണ് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വവും സ്വീകരിച്ചത്. എന്നാല്‍, വ്യാജ സന്ദേശം പ്രചരിപ്പിച്ച് നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചവരെ നിയമത്തിന്റെ മുന്നിലെത്തിച്ചശേഷം മതി സമാധാനയോഗമെന്ന നിലപാട് യു.ഡി.എഫിനുള്ളില്‍ ഉയര്‍ന്നു. വടകരയിലെ കോണ്‍ഗ്രസും ആര്‍.എം.പിയും മുസ്ലിം ലീഗുമെല്ലാം ഈ നിലപാടിനൊപ്പമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments