കണ്ണൂർ : പാനൂർ ബോംബ് സ്‌ഫോടനത്തിലെ പങ്കില്ലെന്ന് സിപിഎം. ബോംബ് നിർമ്മിച്ചവർ സിപിഎം പ്രവർത്തകർ അല്ലെന്ന് സിപിഎം അറിയിച്ചു. പ്രതികൾ സിപിഎം പ്രവർത്തകരാണെന്ന വാർത്തകൾ പുറത്തുവന്നതോടെ പ്രസ്താവനയിലൂടെ പാനൂർ ഏരിയ കമ്മിറ്റിയാണ് പങ്ക് നിഷേധിച്ച് രംഗത്ത് എത്തിയത്.
പാനൂർ ബോംബ് സ്‌ഫോടനത്തിൽ സിപിഎമ്മിന് പങ്കില്ല. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനോ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷോ സിപിഎം പ്രവർത്തകർ അല്ല. മാത്രമല്ല ഇരുവരും സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളാണ്. ആ ഘട്ടത്തിൽ തന്നെ പാർട്ടി ഇവരെ തള്ളിപ്പറഞ്ഞിരുന്നു.
അത്തരം സാഹചര്യത്തിൽ പ്രതികൾ സിപിഎം പ്രവർത്തകരാണെന്ന തരത്തിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം എതിരാളികൾ നടത്തുകയാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു പാനൂരിൽ സ്‌ഫോടനം ഉണ്ടായത്. ബോംബ് നിർമ്മിക്കുന്നതിനിടെ അബദ്ധവശാൽ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. പ്രദേശത്ത് നിർമ്മാണത്തിലിരുന്ന വീടിന്റെ ടെറസിൽ ആയിരുന്നു പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ഷെറിനും വിനീഷിനും സാരമായി പരിക്കേറ്റിരുന്നു.
സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ ആണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിക്കെ ഉച്ചയോടെ ഷെറിൻ മരിച്ചു. വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. സ്‌ഫോടനത്തിൽ ഷെറിന്റെ ഇരു കൈപ്പത്തികളും അറ്റുപോയിരുന്നു. മാത്രമല്ല മുഖത്തും സാരമായ പരിക്കുണ്ടായിരുന്നു. വിനീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.