തിരുവനന്തപുരം : മുടങ്ങി കിടക്കുന്ന പെൻഷൻ കുടിശികയിൽ രണ്ടുമാസത്തെ ക്ഷേമപെന്ഷന് അടുത്ത മാസം ആദ്യം നൽകും.
വിഷുവിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെന്ഷന് നല്‍കാനാണ് തീരുമാനമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ . സാമ്പത്തിക വര്‍ഷാരംഭമായതിനാല്‍ ഏറെ ബുദ്ധിമുട്ടാതെ പെന്ഷന് പണം കണ്ടെത്താമെന്നാണ് പ്രതീക്ഷ.
സെപ്റ്റംബറിലെ ക്ഷേമപെന്‍ഷനാണ് ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. അടുത്ത രണ്ടുമാസത്തെ കുടിശിക വിഷുവിന് മുമ്പ് നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്ന് വാഗ്ദനം ചെയ്യുകയും ചെയ്തു. ആദ്യ ആഴ്ച വിതരണം തുടങ്ങിയാല്‍ വിഷുവിന് മുമ്പ് പൂര്‍ത്തിയാക്കാനും സാധിക്കും.
വിഷുവിന് മുമ്പ് എന്നാണ് ധനമന്ത്രി പറയുന്നതെങ്കിലും വോട്ടെടുപ്പിന് മുമ്പ് ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കുക എന്നതാണ് രാഷ്ട്രീയമായ ഉദ്ദേശം. അതോടെ ക്ഷേമപെന്ഷന് ആറുമാസം മുടങ്ങിയതിന്റെ ഫലമായുണ്ടായ ജനരോഷം ശമിക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എന്നാല്‍ അപ്പോഴും നാലുമാസത്തെ ക്ഷേമപെന്ഷന് കുടിശികയായിരിക്കും.