BusinessCrime

ബൈജു രവീന്ദ്രൻ രാജ്യം വിടുന്നത് തടയും! ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി, നടപടികള്‍ കടുപ്പിച്ച് ഇ.ഡി

ന്യൂഡല്‍ഹി: സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ എഡ്യുടെക് കമ്പനിയായ ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ ബ്യൂറോ ഓഫ് ഇമ്മിഗ്രേഷനോട് ഇ.ഡി (എന്‍ഫോഴ്സ്മെന്‍റ് ഡയറ്ക്ടറേറ്റ്) യുടെ നിർദേശം.

രാജ്യം വിടുന്നത് തടയുന്നതിനാണ് ഇ.ഡിയുടെ നടപടി. വിദേശ നാണ്യ വിനിമയ ചട്ടം (FEMA) നിയമലംഘനത്തിലാണ് ഇ.ഡി നോട്ടീസ് അയച്ചത്.

ഇ.ഡിയുടെ നിര്‍ദേശപ്രകാരം നിലവില്‍ തന്നെ ബൈജുവിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലറുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ഒന്നര വര്‍ഷം മുമ്പ് കൊച്ചിയിലെ ഇ.ഡി ഓഫീസിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു അത്. അന്വേഷണച്ചുമതല പിന്നീട് ഇ.ഡിയുടെ ബംഗളൂരു ഓഫീസിന് കൈമാറുകയായിരുന്നു.

ഫെമ ചട്ടം ലംഘിച്ച് 9,362 കോടി രൂപയുടെ തിരിമറി നടത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിനും ബൈജുവിനും ഇ.ഡി നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ബൈജൂസിന്‍റെ ഓഫീസുകളിലും മറ്റും ഇ.ഡി റെയ്ഡും നടത്തിയിരുന്നു.

2011 മുതൽ 2023 വരെ കമ്പനിക്ക് ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതായി ഏപ്രിലിൽ കമ്പനിയിൽ നടത്തിയ റെയ്ഡിന് ശേഷം ഇഡി വ്യക്തമാക്കിയിരുന്നു. ഒരുകാലത്ത് 20 ബില്യൺ ഡോളറിലധികം മൂല്യമുണ്ടായിരുന്ന എഡ്‌ടെക് സ്ഥാപനത്തിന് കഴിഞ്ഞ വർഷം വൻ നഷ്ടവും മൂല്യനിർണ്ണയത്തിൽ 90 ശതമാനം ഇടിവും സംഭവിച്ചിരുന്നു.

ഒരുകാലത്ത് ഏകദേശം 5 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്ന ബൈജു രവീന്ദ്രന് ഇപ്പോള്‍ 400 മില്യണ്‍ ഡോളര്‍ കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഓഹരി വിൽപനയിലൂടെ സമാഹരിച്ച 800 മില്യണ്‍ ഡോളര്‍ കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ചെന്നും ഇതാണ് ബൈജുവിനെ കടക്കാരനാക്കിയെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 120 കോടി ഡോളറിന്‍റെ (ഏകദേശം 10,000 കോടി രൂപ) വായ്പ ബൈജൂസ് തിരിച്ചടക്കാനുണ്ടായിരുന്നു. ഇത് ആറുമാസത്തിനകം അടയ്ക്കുമെന്നായിരുന്നു ബൈജൂസിന്‍റെ വാഗ്ദാനം. സാമ്പത്തിക പ്രതിസന്ധി മൂലം 2000ത്തിലധികം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു. ഇവര്‍ക്കുള്ള പിരിച്ചുവിടല്‍ ആനുകൂല്യം ഇതുവരെ നല്‍കിയിട്ടില്ല.

കൂടുതല്‍ ജീവനക്കാരെ കുറയ്ക്കാനും നീക്കമുണ്ട്. 310 അംഗ എഞ്ചിനിയറിംഗ് ടീമിലെ 40 ശതമാനത്തോളം പേരെ ബൈജൂസ് പിരിച്ചുവിട്ടേക്കുമെന്ന് ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *