
തൃശൂർ പെരുമ്പിലാവ് ഗുണ്ടാ മയക്കുമരുന്നു സംഘത്തിലെ കൊലപാതകത്തിന്റെ കാരണങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാം റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് അക്ഷയിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ മൊഴി നൽകി. അക്ഷയ്ക്ക് താല്പര്യമില്ലാത്തവർക്കൊപ്പം മുഖ്യപ്രതി ലിഷോയും ബാദുഷയും റീൽസ് എടുത്തതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയും തർക്കവും നടന്നു. ലിഷോയ് എംഡിഎംഎ കേസിൽ പുറത്തിറങ്ങിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. കേസിലെ പ്രതികളെല്ലാവരും ലഹരിക്കേസിലടക്കം പ്രതികളാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അക്ഷയ് കൂത്തനാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച 8 മണിയോട് കൂടിയാണ് സംഭവം. മരിച്ച അക്ഷയും ഭാര്യയും ചേർന്ന് ലിഷോയുടെ വീട്ടിലേക്ക് എത്തി. വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാർ അക്ഷയ് തല്ലിത്തകർത്തു. ഈ സമയം ലിഷോയുടെ സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ ലിഷോയും ബാദുഷയും ചേർന്ന് അക്ഷയെ വെട്ടി. വെട്ടേറ്റ അക്ഷയ് രക്തത്തിൽക്കുളിച്ചാണ് പുറത്തേക്കോടിയത്. വീടിന്റെ പടിയിലും രക്തം തളംകെട്ടിക്കിടപ്പുണ്ട്.
കഴുത്തിലും കൈയ്ക്കും മാരകമായി വെട്ടേറ്റ് അക്ഷയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അക്ഷയ്ക്ക് തലയ്ക്ക് മാത്രം മൂന്ന് വെട്ടാണ് ഏറ്റത്. ഭാര്യയുടെ മുൻപിൽ ഇട്ടായിരുന്നു ക്രൂരമായ കൊലപാതകം. അക്ഷയുടെ ചെറുത്തുനിൽപ്പിനിടെ ബാദുഷയ്ക്കും ഗുരുതരമായി പരിക്കേറ്റു. കൊലയ്ക്കുശേഷം ലിഷോയ് വീടിനടുത്തുതന്നെയുള്ള ഒരു പാടത്ത് ഒളിച്ചു. അവിടെനിന്ന് ശനിയാഴ്ച രാവിലെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസ് പിടികൂടി.
ലഹരി കേസിൽ ജയിലിലായിരുന്ന ലിഷോയ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. അക്ഷയ്യുടെ വിവാഹം കഴിഞ്ഞത് അടുത്തിടെയാണ്.