
കൊച്ചി: പി.വി. അന്‍വറിന്റെ ആലുവ എടത്തലയിലുള്ള റിസോര്‍ട്ടില്‍ മദ്യംവിളമ്പി ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു. പി.വി. അന്‍വറിനെ ഒഴിവാക്കിയ സംഭവത്തില്‍ നാലാഴ്ച്ചക്കകം പരാതിയില്‍ തീരുമാനം എടുക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
നിയമവിരുദ്ധമായി മദ്യവില്‍പന നടത്തിയാല്‍ കെട്ടിട ഉടമക്കെതിരെ അബ്കാരി നിയമം 64 പ്രകാരം കേസെടുക്കണമെന്നാണ് നിയമം. എന്നാല്‍ പിവി അന്‍വറിന്റെ കാര്യത്തില്‍ അതുണ്ടായില്ല. അന്‍വറിനെ ഒഴിവാക്കിയാണ് അന്ന് എക്‌സൈസ് കേസെടുത്തിരുന്നത്. ഇത് ചോദ്യം ചെയ്ത് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ഹൈക്കോടതി നടപടി.
എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന എ.എസ് രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് 2018 ഡിസംബര്‍ എട്ടിന് രാത്രി പതിനൊന്നരക്ക് നടന്ന റെയ്ഡില്‍ ഇവിടെ നിന്നും അഞ്ചു പേരെ അറസ്റ്റു ചെയ്തത്. എക്‌സൈസ് സംഘം പരിശോധനക്കായി എത്തിയപ്പോള്‍ ഗോഡ്‌സ് ഓണ്‍ ബൈക്കേഴ്‌സ് മീറ്റ് എന്ന പേരില്‍ 40 സ്ത്രീകളടക്കം 150 പേര്‍പങ്കെടുക്കുന്ന ലഹരി പാര്‍ട്ടി നടക്കുകയായിരുന്നു. പാര്‍ട്ടിയുടെ പേര് പ്രിന്റ് ചെയ്ത കറുത്ത ടീ ഷര്‍ട്ടായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. 20 ലിറ്റര്‍ ഇന്ത്യന്‍ വിദേശ മദ്യവും 10 ലിറ്റര്‍ ബിയറും ഇവിടെനിന്നും കണ്ടെടുത്തു. 10 ലിറ്റര്‍ മദ്യത്തിന്റെ ബാക്കി 50 കാലിക്കുപ്പികള്‍, ലഹരിവസ്തുക്കള്‍ ചുരുട്ടിവലിക്കുന്ന പ്രത്യേക കടലാസുകള്‍ എന്നിവയും ലഭിച്ചു. 1500 രൂപ വീതം പ്രവേശന ഫീസ് വാങ്ങിയായിരുന്നു ഡി.ജെ പാര്‍ട്ടി.
പണിപൂര്‍ത്തിയാവാത്ത കെട്ടിടത്തിന്റെ ഉള്ളില്‍ ഡാന്‍സ് ബാറുകളെ കടത്തിവെട്ടുന്ന രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ലൈറ്റിങ് സംവിധാനവും പെഗ് ഒഴിക്കുന്ന ഉപകരണങ്ങളുമടക്കം നക്ഷത്ര ബാറിന്റെ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടായിരുന്നു. രജിസ്‌ട്രേഷന്‍ ഫീസായി ഈടാക്കിയ 1500 രൂപയില്‍ നിന്നാണ് മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും വില ഈടാക്കിയിരുന്നത്.
99 വര്‍ഷത്തേക്ക് പി.വി അന്‍വര്‍ എംഎല്‍എ എം.ഡിയായ പീവീസ് റിയല്‍റ്റേഴ്‌സ് എന്ന കമ്പനിക്ക് ലീസിന് നല്‍കിയതാണെന്നും അബ്ക്കാരി നിയമപ്രകാരം മദ്യവില്‍പ്പന നടത്തിയതിന് അന്‍വറിനെതിരെ കേസെടുക്കണെന്നുമാണ് പരാതി ഉയര്‍ന്നത്. എംഎല്‍എയുടെ റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ് രഞ്ജിത്തടക്കമുള്ള സംഘത്തിലെ അംഗങ്ങളെ ഉടന്‍ സ്ഥലംമാറ്റുകയായിരുന്നു. ഇതോടെ അന്വേഷണം തന്നെ അട്ടിമറിക്കപ്പെട്ടു.