NewsPolitics

ശിവൻകുട്ടി ഇല്ല, നേമം പിടിക്കാൻ കോൺഗ്രസ്; ഇത്തവണ മൽസരം ബി.ജെ.പിയും കോൺഗ്രസും തമ്മിൽ

നേമം പിടിക്കാൻ കോൺഗ്രസ്. അനാരോഗ്യം അലട്ടുന്ന വി. ശിവൻകുട്ടി അടുത്ത തവണ മൽസര രംഗത്ത് ഉണ്ടാവില്ല. പകരം മേയർ ആര്യ രാജേന്ദ്രൻ ആയിരിക്കും സി.പി.എം സ്ഥാനാർത്ഥി. ബി.ജെ.പി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രനാണ് മുൻതൂക്കം.

ശോഭയെ മറിച്ച് കെ. സുരേന്ദ്രൻ നേമത്ത് എത്തിയാലും അൽഭുതപ്പെടേണ്ട. ശിവൻകുട്ടിയുടെ ജനസമ്മിതി ആര്യയ്ക്ക് ഇല്ലാത്തതിനാൽ നേമം പിടിക്കാനുളള പോരാട്ടം ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ആയിരിക്കും.

ക്ലിഫ് ഹൗസിൽ വ്യക്തമായ സ്വാധിനം ഉള്ള ആര്യയെ വെട്ടാനുള്ള ത്രാണി ഗോവിന്ദനും സംഘത്തിനും ഇല്ല. റിയാസിൻ്റെ ടീം ഭരണരംഗത്തും പാർട്ടി രംഗത്തും പിടിമുറുക്കി കഴിഞ്ഞു. ജനസ്വാധിനം ഇല്ലാത്തവരാണ് റിയാസ് ടീമിൽ ഭൂരിഭാഗവും. സീറ്റ് കിട്ടിയാലും ഇവരെ ജയിപ്പിച്ച് എം എൽ എ ആക്കാൻ സി പി എമ്മിന് പണിപെടേണ്ടി വരും.

ശക്തമായ ത്രികോണ മത്സരം നടന്ന നേമത്ത് കഴിഞ്ഞ തവണ കെ. മുരളിധരൻ്റെ സാന്നിദ്ധ്യം ആണ് ശിവൻകുട്ടിയെ നിയമസഭയിൽ എത്തിച്ചത്. 3 ഇരട്ടിയായി കെ. മുരളിധരൻ വോട്ട് വർധിപ്പിച്ചത് ബി.ജെ.പിക്ക് പണിയായി. ബി.ജെ.പി അക്കൗണ്ട് തുറന്ന ഏക സീറ്റ് കെ. മുരളിധരനിലൂടെ ശിവൻകുട്ടി പൂട്ടിച്ചു എന്ന് ഇലക്ഷൻ കണക്കുകളിൽ നിന്ന് വ്യക്തം.

ശിവൻകുട്ടിക്ക് പകരം ആര്യ എത്തുമ്പോൾ അതിനുള്ള സാധ്യത തുലോം കുറവാണ്. ജയ സാധ്യതയുള്ള സ്ഥാനാർത്ഥിയാണ് ശക്തൻ നാടാർ. ശക്തൻ എത്തിയാൽ നേമം കോൺഗ്രസിലേക്ക് മറിയും. ശക്തമായ ത്രികോണ മൽസരം നടക്കുന്ന മണ്ഡലത്തിൽ ജയ സാധ്യതയുള്ള ബി.ജെ.പി ഇതര സ്ഥാനാർത്ഥിയിലേക്ക് വോട്ട് തിരിയും. ഇതു തന്നെയാണ് കോൺഗ്രസിൻ്റെ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകവും.

നിലവിൽ കോവളത്ത് നിന്ന് മാത്രമാണ് കോൺഗ്രസിന് എം എൽ എ ഉള്ളത്. തലസ്ഥാനത്തെ പത്ത് സീറ്റുകളിലാണ് ഇത്തവണ കോൺഗ്രസ് കണ്ണ് വയ്ക്കുന്നത്. നിലവിലെ രാഷ്ട്രിയ സാഹചര്യത്തിൽ അതിൽ പ്രധാനപ്പെട്ടതായി നേമവും മാറി കഴിഞ്ഞു.