സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം. പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാരിൻ്റെ അലംഭാവം ആണ് പ്രധാന ഇതിന് കാരണം.
തെരുവ് നായകളെ പിടികൂടി വന്ധ്യം കരിച്ച് തിരികെ തെരുവിൽ വിടാനുള്ള പദ്ധതി പാളിയതാണ് തെരുവ് നായ ശല്യം രൂക്ഷമാകാനുള്ള പ്രധാന കാരണം. പ്രഭാത നടത്തക്കാർ തെരുവ് നായ ശല്യം രൂക്ഷമായതോടെ വടിയും കയ്യിൽ പിടിച്ച് നടക്കുന്നത് പതിവ് കാഴ്ചയാണ്.
തദ്ദേശ വകുപ്പിൻ്റെ നിഷ്ക്രിയത്വം ആണ് സ്ഥിതിഗതികൾ വഷളാക്കിയത്. തദ്ദേശ മന്ത്രി എം.ബി രാജേഷിന് എക്സൈസ് മന്ത്രിയുടെ ചുമതല കൂടിയുണ്ട്.
തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനേക്കാൾ മന്ത്രിക്ക് പ്രീയം മദ്യനിർമ്മാണ ശാലകൾ അനുവദിക്കുന്നതിനാണ്. ഒയാസിസ് മദ്യനിർമാണശാലയുമായുള്ള മന്ത്രിയുടെ ബന്ധം ആണ് ഇപ്പോൾ സംസ്ഥാനത്തെ പ്രധാന ചർച്ച വിഷയം.
ഒന്നാം പിണറായി സർക്കാരിൽ തദ്ദേശ വകുപ്പിന് മാത്രം പ്രത്യേക മന്ത്രി ഉണ്ടായിരുന്നു. എ.സി. മൊയ്തിൻ ആയിരുന്നു അന്ന് മന്ത്രി. തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആയിരുന്നു എക്സൈസിൻ്റെ ചുമതല.
2 ,89,986 തെരുവ് നായകൾ സംസ്ഥാനത്ത ഉണ്ടെന്നാണ് എം.ബി രാജേഷ് ജനുവരി 23 ന് നിയമസഭയിൽ നൽകിയ കണക്ക്. 2019 ലെ ലൈവ് സ്റ്റോക്ക് സെൻസസ് പ്രകാരമുള്ള കണക്കാണിത്.
2024 വർഷം നായ കടിയേറ്റ് സർക്കാർ ആശുപത്രികളിൽ ചികിൽസ തേടിയവർ 3, 16, 793 പേരാണെന്നും എം.ബി രാജേഷ് നിയമസഭയിൽ വ്യക്തമാക്കി. സർക്കാർ ആശുപത്രിയിൽ മാത്രം ചികിൽസ തേടിയവരുടെ കണക്കാണിത്. സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയവരുടെ എണ്ണം കൂടി പുറത്ത് വന്നാൽ നായ കടിയേറ്റ് ചികിൽസ തേടിയവരുടെ എണ്ണം ഇരട്ടിയിലധികമായി ഉയരും.
നായ കടിയേറ്റ് ചികിൽസ തേടിയവരിൽ മുന്നിൽ തിരുവനന്തപുരം ജില്ലയാണ്. 50870 പേരാണ് തിരുവനന്തപുരത്ത് നായ കടിയേറ്റ് ചികിൽസ തേടിയത്. കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളാണ് തൊട്ട് പിറകിൽ.
ജില്ല, നായകടിയേറ്റ് ചികിൽസ തേടിയവരുടെ എണ്ണം ചുവടെ: തിരുവനന്തപുരം – 50870 ,കൊല്ലം – 37618, പത്തനംതിട്ട – 15460, ആലപ്പുഴ -27726, കോട്ടയം – 23360, ഇടുക്കി -10003, എറണാകുളം – 32086, തൃശൂർ – 29363, പാലക്കാട് – 31303, മലപ്പുറം – 11143, കോഴിക്കോട് – 18472, വയനാട്-5719, കണ്ണൂർ – 15418, കാസർഗോഡ് – 8252