ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസ് വാർത്ത വ്യാജമാണെന്ന യു. പ്രതിഭ എംഎൽഎയുടെ വാദം തള്ളി എക്‌സൈസിന്റെ ക്രൈം ആന്റ് ഒക്കുറൻസ് റിപ്പോർട്ട്. പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
കേസിലെ ഒൻപതാം പ്രതിയാണ് കനിവ്. സംഘത്തിൽ നിന്ന് കഞ്ചാവും, കഞ്ചാവ് കലർന്ന പുകയിലയും ഇത് ഉപയോഗിക്കുന്നതിനുള്ള വസ്തുക്കളുമാണ് പിടിച്ചതെന്നും എക്‌സൈസ് വ്യക്തമാക്കുന്നു. കേസിൽ ഒൻപതാം പ്രതിയാണ് പ്രതിഭയുടെ മകൻ കനിവ്. ഒരുകിലോയ്ക്ക് താഴെയുള്ള അളവിലുള്ള കഞ്ചാവ് പിടിച്ചെടുത്തതിനാലാണ് ജാമ്യത്തിൽ വിട്ടയച്ചത്.
മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന വിശദീകരണവുമായി യു പ്രതിഭ എംഎൽഎ ഇന്നലെ ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. വാർത്ത വ്യാജമാണെന്നാണ് എംഎൽഎ വ്യക്തമാക്കിയത്. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും പ്രതിഭ പറഞ്ഞിരുന്നു.
‘മകനും സുഹൃത്തുക്കളും ചേർന്നിരിക്കുമ്പോൾ എക്‌സൈസുകാർ വന്ന് ചോദ്യം ചോദിച്ചു. ഇപ്പോൾ വാർത്തകൾ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാൾ എംഎൽഎ ആയതും പൊതുപ്രവർത്തക ആയതുകൊണ്ടും ഇത്തരം വാർത്തകൾക്ക് മൈലേജ് കിട്ടും. വാർത്ത ശരിയാണെങ്കിൽ ഞാൻ നിങ്ങളോട് മാപ്പ് പറയാം, നേരെ തിരിച്ചാണെങ്കിൽ മാധ്യമങ്ങൾ പരസ്യമായി മാപ്പ് പറയണം’എന്നാണ് പ്രതിഭ ആവശ്യപ്പെട്ടിരുന്നത്. ആരും തെറ്റായ വഴിയിൽ പോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് ഞാനും. എന്റെ മകൻ പോവരുതെന്ന് പറയാൻ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാദിത്തമാണെന്നും പ്രതിഭ പറഞ്ഞിരുന്നു.