ചീഫ് വിപ്പിന്റെ ഡോ. എൻ. ജയരാജിന്റെ പേഴ്‌സണൽ സ്റ്റാഫംഗങ്ങൾക്ക് പ്രതിമാസ ശമ്പളം 15 ലക്ഷം രൂപയെന്ന് വിവരവകാശ രേഖ. ഒരു വർഷം ശമ്പളം മാത്രം 1.8 കോടി.
കൂടാതെ എല്ലാ വർഷവും ഒരു മാസത്തെ ലീവ് സറണ്ടർ അതായത് ഒരു മാസത്തെ അധിക ശമ്പളവും ലഭിക്കും. അത് ഉൾപ്പെടെ ഒരു വർഷം ചീഫ് വിപ്പിന്റെ പേഴ്‌സണൽ സ്റ്റാഫിലേക്ക് പോകുന്നത് 1.95 കോടി. 50 ലൈഫ് മിഷൻ വീട് വയ്ക്കാനുള്ള തുകയാണ് ഇവർക്ക് ശമ്പളമായി പോകുന്നത്. 2 വർഷം സർവീസ് പൂർത്തിയായാൽ ആജീവനാന്ത പെൻഷനും ലഭിക്കും.
കാബിനറ്റ് റാങ്ക് ഉള്ളതുകൊണ്ട് മന്ത്രിയുടെ പത്രാസാണ് ചീഫ് വിപ്പിനും. 25 പേഴ്‌സണൽ സ്റ്റാഫുകളെ ചീഫ് വിപ്പിന് ലഭിക്കും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പി.സി. ജോർജ് ചീഫ് വിപ്പ് ആയപ്പോൾ ആദ്യം 30 പേരെ പേഴ്‌സണൽ സ്റ്റാഫിൽ വച്ചെങ്കിലും പിന്നിടത് 10 ആയി ചുരുക്കിയിരുന്നു. അക്കാലത്ത് ചീഫ് വിപ്പ് നിയമനത്തെ വിമർശിച്ച എൽ.ഡി.എഫ് 2016 ൽ ഭരണം കിട്ടിയതോടെ സി.പി.ഐയിലെ കെ. രാജനെ ചീഫ് വിപ്പായി നിയമിച്ചു.
13 പേരെ രാജനും പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചു. ജയരാജ് ആകട്ടെ പണിയൊന്നുമില്ലെങ്കിലും 25 പേരെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചു. നിയമസഭാ സമ്മേളനസമയത്ത് നിർണായകവോട്ടെടുപ്പുകളിൽ ഭരണകക്ഷി അംഗങ്ങൾക്ക് വിപ്പ് നൽകുക എന്നതാണ് ചീഫ് വിപ്പിന്റെ ചുമതല.
നിയമസഭ നടക്കുമ്പോൾ അതും വോട്ടെടുപ്പ് നടക്കുമ്പോൾ മാത്രമാണ് ചീഫ് വിപ്പിന് ജോലി എന്നിരിക്കെ സാമ്പത്തിക പ്രതിസന്ധികാലത്ത് ലക്ഷങ്ങൾ ചെലവഴിച്ചുള്ള ചീഫ് വിപ്പ് ധൂർത്ത് അവസാനിപ്പിച്ചുകൂടെ എന്ന ചോദ്യമാണ് ഉയരുന്നത്.